ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം വാങ്ങുന്നത് തുടർക്കഥയാവുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കുള്ള കന്നി വിമാനം പറത്തിക്കൊണ്ട് ഓഗസ്റ്റ് 7 ന് ആകാശ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശയുടെ കീഴിലേക്ക് എത്തും.
വരാനിരിക്കുന്ന അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ആകാശ എയർലൈനിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ വ്യക്തമാക്കി. ആകാശയ്ക്ക് പിന്തുണ നൽകിയ പ്രമുഖ നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
2021 നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകിയ ആകാശ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ്. രാജ്യത്തെ ആഭ്യന്തര വിമാന യാത്രകൾ ഈ വർഷം കുത്തനെ കൂടിയിട്ടുണ്ട്. ആദ്യ പകുതിയിൽ 57 ദശലക്ഷത്തിലധികം യാത്രക്കാർ വിവിധ വിമാനത്തിലായി യാത്രകൾ നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 238 ശതമാനം വർദ്ധനയാണ് ഇപ്രാവശ്യം ഉണ്ടായത്.

