Friday, May 3, 2024
spot_img

മെസ്സിക്കായി കോടികൾ വാരിയെറിയാൻ തയ്യാറായി അൽ ഹിലാൽ; ആവർത്തിക്കുമോ റൊണാൾഡോ- മെസ്സി പോരാട്ടം ?

പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനഘട്ടത്തിലുള്ള അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കണ്ണ് വച്ച് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. ഒരു സീസണിന് താരത്തിന് പ്രതിഫലമായി 400 മില്യൻ യൂറോ നൽകാമെന്നാണ് ക്ലബിന്റെ ഓഫർ. ഏകദേശം 3590 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണിത്. ഒരു പ്രമുഖ കായിക മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സീസണോടെ പിഎസ്ജി വിടുന്ന മെസ്സി തന്റെ മുൻ ക്ലബായ ബാര്‍സിലോണയിൽ ചേർന്നേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അൽ– ഹിലാലിന്റെ ഓഫർ മെസ്സി സ്വീകരിക്കുകയാണെങ്കിൽ ഒരു താരത്തിന് ഫുട്ബോൾ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കരാ‍ർ തുകയാകും ഇത്. കഴിഞ്ഞ സീസണിലാണ് 200 മില്യൻ യൂറോ നല്‍കി സൗദി ക്ലബായ അൽ നസർ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചത്. സൗദി അറേബ്യയിലെ മറ്റൊരു ക്ലബ്ബായ അൽ– ഇതിഹാദും മെസ്സിക്കായി രംഗത്തുണ്ട്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ ലിയോണിനോട് പിഎസ്ജി 1–0ന് തോറ്റതിനു പിന്നാലെ മെസ്സിയെ പിഎസ്ജി ആരാധകർ കളിയാക്കിയിരുന്നു. 2021 ജൂണിലാണ് മെസ്സി പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാറിൽ ഏർപ്പെടുന്നത്. 67 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ പിഎസ്ജി ജേഴ്സിയിൽ മെസ്സി നേടിയിട്ടുണ്ട്. അൽ– ഹിലാലിന്റെ ഓഫർ മെസ്സി സ്വീകരിച്ചാൽ വീണ്ടും റൊണാൾഡോ– മെസ്സി പോരാട്ടത്തിന് കളമൊരുങ്ങും.

Related Articles

Latest Articles