Friday, December 26, 2025

ആലപ്പുഴയിൽ നിന്നും 17 വർഷം മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ എ കെ രാജു ആത്മഹത്യ ചെയ്തു. കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജു ജീവനൊടുക്കിയത്.

ഇദ്ദേഹം ആത്മഹത്യ ചെയ്യുന്ന സമയത്ത് ഭാര്യ മിനി വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവർ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതാകുന്നത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാൽ സിബിഐക്കും കേസിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കുഞ്ഞിനെ കാണാതാകുന്ന സമയത്ത് രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടിൽ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു – മിനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ശിവാനി എന്ന് പേരുള്ള ഈ പെൺകുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Related Articles

Latest Articles