Wednesday, May 8, 2024
spot_img

അഭ്യൂഹങ്ങള്‍ക്ക് വിട; ആലിബാബ സ്ഥാപകന്‍ ജീവനോടെയുണ്ട്; ജാക്ക് മാ വീണ്ടും പൊതുവേദിയില്‍; ഇരുണ്ട വസ്ത്രം ?

ബീജിങ്: ചൈനീസ് സർക്കാരുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി കാണാതായിരുന്ന ചൈനീസ് ശതകോടീശ്വരനും അലിബാബ ഗ്രൂപ്പ് സ്ഥാപകനുമായ ജാക് മാ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒക്ടോബറില്‍ പൊതുരംഗത്ത് നിന്ന് ജാക്ക് മായുടെ അപ്രത്യക്ഷമാകല്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ജാക്ക് മായെ ചൈനീസ് ഭരണകൂടം പിടികൂടിയെന്നും ജയിലിൽ അടച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജാക്ക് മായുടെ തിരിച്ചുവരവ്. മൂന്നു മാസത്തെ അജ്ഞാത വാസത്തിന് ശേഷമാണ് ജാക്ക് മാ പൊതുവേദിയില്‍ എത്തുന്നത്. ചൈനയിലെ ഗ്രാമീണ മേഖലയിലെ അധ്യാപകരെ അഭിസംബോധന ചെയ്ത ചെറിയ ഓണ്‍ലൈന്‍ വീഡിയോയിലൂടെയാണ് ജാക്ക് മാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിന് പിന്നാലെയായിരുന്നു ജാക്ക് മാ അപ്രത്യക്ഷനായത്.

വിഡിയോ സൂക്ഷ്മമായ നിരീക്ഷിച്ച മാധ്യമങ്ങൾ ജാക് മാ ചൈനീസ് സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണെന്ന സൂചനയാണു പങ്കുവച്ചത്. ഇരുണ്ടനിറത്തിലുള്ള വസ്ത്രം ധരിച്ചു കാണപ്പെട്ട മായുടെ മുഖത്തും പതിവു പ്രസന്നതയില്ലായിരുന്നു.

എല്ലാ വര്‍ഷവും തന്റെ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണ് ജാക്ക് മാ പങ്കെടുത്തത്. നൂറോളം അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുത്തത്. കൊവിഡ് വ്യാപനം അടങ്ങിയതിന് ശേഷം അധ്യാപകരെ നേരില്‍ കാണാമെന്ന വാഗ്ദാനവും ജാക്ക് മാ നല്‍കി. ചൈനയിലെ ബിസിനസ് നിയന്ത്രണങ്ങളെ വിമ‌ർശിച്ച ജാക്ക് മാ ബാങ്കുകളെ പണയം വയ്‌ക്കുന്നതിനുള‌ള കടകളെന്നും പരിഹസിച്ചിരുന്നു. രാജ്യത്ത് ഇപ്പോഴുള‌ള സമ്പ്രദായങ്ങൾ അടുത്ത തലമുറയ്‌ക്ക് വേണ്ടി പൊളിച്ചെഴുതണമെന്ന് മാ പറഞ്ഞതാണ് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ പ്രകോപിപ്പിച്ചത്.

ജാക്ക് മായുടെ കമ്പനികൾ നേടിയ അതിഭീമമായ വളർച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് രാഷ്‌ട്രീയപരമായും സാമ്പത്തികമായും ഭീഷണിയായി മാറുമെന്ന് ചൈനീസ് സർക്കാർ ഭയക്കുന്നതാണ് അദ്ദേഹത്തിനെതിരെ സർക്കാർ തിരിയാൻ കാരണമെന്നാണ് വിവരം.

Related Articles

Latest Articles