Sunday, May 19, 2024
spot_img

‘വാഗ്ദാനങ്ങളെല്ലാം പാഴ്വാക്കുകൾ! ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനായില്ലെങ്കിൽ രാജിവച്ച് ഇറങ്ങി പോകണം’; സർക്കാരിനെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ്

താമരശ്ശേരി: ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. സർക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പാഴ്വാക്കുകളാണ്. ജനങ്ങളെ കരുതാന്‍ നടപടിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും ബിഷപ്പ് പറഞ്ഞു. വയനാട്ടിലും ഇടുക്കിയിലുമുൾപ്പെടെ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

‘‘മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. വേനൽക്കാലമായപ്പോൾ ഭക്ഷണവും വെള്ളവും തേടി മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുകയാണ്. അതു മനസിലാക്കി ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഒന്നോ രണ്ടോ മരണങ്ങൾ സംഭവിക്കുമ്പോള്‍ തന്നെ അതിന്റെ കാരണം മനസിലാക്കി നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകാത്തതിലാണ് തയാറാകാത്തതിലാണ് വിഷമം.

വയനാട്ടിലും ഇടുക്കിയിലും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്. ദയനീയമായ അവസ്ഥയാണിത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു മാത്രമേ അതിന്റെ ഭീകരത മനസ്സിലാവൂ. മലയോര മേഖലയിലുള്ളവർക്ക് ധൈര്യമായി പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും ഭയമാണ്.

മൃഗങ്ങള്‍ വനത്തിൽനിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള മാർഗങ്ങളൊന്നും സർക്കാർ സ്വീകരിക്കുന്നില്ല. മൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ അവയെ നിയന്ത്രിക്കാനുള്ള മാർഗങ്ങളും പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. അവയൊന്നും മാതൃകയാക്കാൻ സർക്കാർ തയാറല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അതിനു കഴിയാത്ത സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ല’’ എന്ന് ബിഷപ്പ് പറഞ്ഞു.

Related Articles

Latest Articles