തിരുവനന്തപുരം ; പൊലീസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നത് സ്ഥിരീകരിച്ച് ഡിജിപി . മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നതായി സൂചിപ്പിച്ചിരിക്കുന്നത് .
വിഷയത്തില്‍ കര്‍ശന നടപടിക്കു ശുപാര്‍ശയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫിസറുടെ മറുപടി ലഭിച്ചശേഷമായിരിക്കും നടപടിയെടുക്കുകയെന്നും ഡിജിപി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെയും തപാല്‍ വോട്ട് അട്ടിമറിച്ചെന്നായിരുന്നു ആരോപണം. പൊലീസ് അസോസിയേഷന്‍ നേതാക്കന്മാര്‍ ഇടപെട്ട് കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ച് വോട്ട് അട്ടിമറിച്ചെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
56,895 ജീവനക്കാരാണ് പൊലീസിലുള്ളത്. പൊലീസിലെ ഭൂരിപക്ഷവും പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്.
നോഡല്‍ ഓഫീസറുടെ ഇടപെടലില്ലാതെ നേരിട്ട് അപേക്ഷിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.നോഡല്‍ ഓഫീസര്‍ വരുന്നതോടെ ഈ സംവിധാനം അട്ടിമറിക്കപ്പെടുമെന്ന പരാതിയും ഉയര്‍ന്നു . നോഡല്‍ ഓഫീസര്‍മാരായി നിയമിക്കുന്നവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ള ഓഫീസര്‍മാരായിരിക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു .
അസോസിയേഷനെ പോസ്റ്റല്‍ ബാലറ്റ് ഏല്‍പ്പിക്കാത്തവരെ സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ടായിരുന്നു .പൊലീസിലെ നല്ലൊരു വിഭാഗത്തിനും സ്വതന്ത്രമായി വോട്ടു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഒരു വിഭാഗം പൊലീസുകാര്‍ വ്യക്തമാക്കിയിരുന്നു .

