ദില്ലി : തനിക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി നിർത്തപ്പെട്ട ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരടക്കമുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ എടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലാണ് ബ്രിജ് ഭൂഷണ്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും താരങ്ങള്‍ ശ്രമിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ലൈംഗികാരോപണം കെട്ടിച്ചതച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധം സമവായ ചർച്ചകൾക്കു ശേഷം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷണ്‍ കോടതിയെ സമീപിച്ചത്.

