Sunday, October 4, 2026

രാത്രി യുവതിയെ ആക്രമിച്ചയാളെ പിടികൂടാന്‍ സഹായിച്ചത് ആംബുലന്‍സ് ജീവനക്കാര്‍


തൃശ്ശൂര്‍: പാതയോരത്ത് രാത്രി അന്യസംസ്ഥാനക്കാരിയെ ആക്രമിച്ചയാളെ പിടികൂടാന്‍ സഹായിച്ചത് ആംബുലന്‍സ് ഡ്രൈവറുടെയും സഹപ്രവര്‍ത്തകന്റെയും ധീരത. ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണിക്കുട്ടിയും സഹായി ഷിതിനുമാണ് അക്രമിയെ നേരിട്ടത്. ഷിതിന് കുത്തേറ്റിട്ടുപോലും ജോണിക്കുട്ടി പിന്‍വാങ്ങിയില്ല. ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കിയും ഹോണടിച്ചും ആളെക്കൂട്ടി അക്രമിയെ കെട്ടിയിട്ട് പോലീസിലേല്‍പ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് എംജി റോഡിലെ സിനിമാ തിയേറ്ററിനടുത്തുള്ള ആക്രിക്കടയ്ക്ക് മുമ്പിലാണ് സംഭവം. തമിഴ്നാട്ടുകാരിയായ യുവതിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെ തള്ളി താഴെയിട്ടായിരുന്നു അക്രമം. അപ്പോഴാണ് ജോണിക്കുട്ടി മുതുവറയിലെ ആക്ട്സ് ആംബുലന്‍സുമായി അതുവഴി പോയത്.

സംഭവം കണ്ട് ആംബുലന്‍സില്‍നിന്ന് ഇറങ്ങിയ കുന്നംകുളം സ്വദേശിയായ ഹെല്‍പ്പര്‍ ഷിതിന്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമി അവിടെക്കിടന്ന മാര്‍ബിള്‍ കഷണംകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

ഷിതിനെ ആശുപത്രിയിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്ത ജോണിക്കുട്ടി ആംബുലന്‍സിന്റെ സൈറണും ഹോണും മുഴക്കി. ആംബുലന്‍സില്‍നിന്ന് ഇറങ്ങി അക്രമിയെ നേരിടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മാര്‍ബിള്‍ കഷണവുമായി അയാളെത്തി. സമീപത്ത് കിടന്ന വടി ഉപയോഗിച്ച് ജോണിക്കുട്ടി ഇത് തട്ടിത്തെറിപ്പിച്ചു. പ്രദേശത്തുണ്ടായിരുന്നവരും റോന്ത് ചുറ്റുകയായിരുന്ന പോലീസും സ്ഥലത്തെത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാരും ജോണിക്കുട്ടിയുംചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശി അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗ്ഗീസ് (41) ആണ് അറസ്റ്റിലായത്. ഈസ്റ്റ് എസ്.ഐ. രഞ്ജിത്ത്, പോലീസുകാരായ സാം മാര്‍ട്ടിന്‍, ഷാരോണ്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles