Friday, May 17, 2024
spot_img

കീഴടങ്ങൽ അഭ്യൂഹങ്ങൾക്കിടയിൽ സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് അമൃത്പാലിന്റെ വിഡിയോ പുറത്ത്

ദില്ലി : ഖലിസ്ഥാൻ വിഘടന വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെ അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്ത്. രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും അമൃത്‌പാൽ സിങ് വെല്ലുവിളിച്ചു. സർക്കാർ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണെന്നും സർക്കാരിനു തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ വീട്ടിൽ നിന്നാകാമായിരുന്നുവെന്നും തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും പുറത്തുവന്ന വിഡിയോയിൽ അമൃത്പാൽ വ്യക്തമാക്കി.

അകൽ തഖ്ത് തലവൻ ഹർപ്രീത് സിങ്ങിനോട് വിളവെടുപ്പ് ഉത്സവമായ ബൈസാഖി ദിനത്തിൽ തൽവണ്ടി സബോയിൽ വച്ച് സർബാത് ഖൽസ (യോഗം) വിളിച്ചുകൂട്ടാൻ വീഡിയോയിലൂടെ അമൃത്പാൽ ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ സർക്കാർ ഉണ്ടാക്കിയ ഭീതി തകർക്കാനാണ് ഈ യോഗമെന്നാണ് അമൃത്പാൽ പറയുന്നത്.

അതേസമയം, ഉപാധികളോടെ അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. പഞ്ചാബിലെ ജയിലില്‍ പാര്‍പ്പിക്കണം, അറസ്റ്റല്ല, കീഴടങ്ങല്‍ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത് പാൽ മുന്നോട്ട് വയ്ക്കുന്ന ഉപാധികൾ എന്നാണ് സൂചന. അമൃത്പാലും അനുയായി പപല്‍പ്രീതും പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ മടങ്ങിയെത്തിയെന്ന സൂചനയെത്തുടർന്ന് പോലീസ് തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.

Related Articles

Latest Articles