Friday, May 17, 2024
spot_img

“പുതിയ പാർട്ടിയുടെ സഖ്യം ബിജെപിയുമായി”; അമരീന്ദർ സിംഗ് എൻഡിഎയിലേക്ക്

ദില്ലി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് (Amarinder Singh) എൻഡിഎയിലേക്ക്. ഇതിന്റെ ഭാഗമായി ക്യാപ്റ്റൻ അമരീന്ദർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. അമരീന്ദറിനൊപ്പം കര്‍ഷക സംഘടന പ്രതിനിധികളും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് പഞ്ചാബില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമിത് ഷായുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സഖ്യ ചര്‍ച്ചകളും ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം കോൺഗ്രസിനെ നേരിടാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അമരീന്ദർ സിങ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും 117 സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബിൽ അടുത്ത വർഷമാദ്യമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള കടുത്ത ഭിന്നതയ്ക്കൊടുവിൽ കഴിഞ്ഞ മാസം അമരീന്ദർ സിംഗ് സംസ്ഥാന സർക്കാരിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോകുകയായിരുന്നു. സിങ്ങിനെ ‘ബിജെപി വിശ്വസ്ത മുഖ്യമന്ത്രി’ എന്ന് വിളിച്ച് സിദ്ദു പരിഹസിച്ചിരുന്നു.

‘കോൺഗ്രസിന്റെ 78 എം.എൽ.എ.മാർക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത പ്രവർത്തനമായിരുന്നു, ED നിയന്ത്രിത പഞ്ചാബിലെ ബി.ജെ.പിയുടെ വിശ്വസ്ത മുഖ്യമന്ത്രി @ capt_amarinder… തന്റെ മുഖം സംരക്ഷിക്കാൻ പഞ്ചാബിന്റെ താൽപ്പര്യങ്ങൾ വിറ്റു! നീതിയെയും ന്യായത്തെയും തടയുന്ന നിഷേധാത്മക ശക്തി നിങ്ങളായിരുന്നു,’ സിദ്ദു ട്വീറ്റ് ചെയ്തു. എന്നാൽ ഇതിന് ചുട്ടമറുപടി ക്യാപ്റ്റനും നൽകി.

സിദ്ദുവിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ക്യാപ്റ്റൻ ഇങ്ങനെ എഴുതി, ‘ഞാൻ ജനങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തി, സത്യം പറഞ്ഞപ്പോൾ, നിങ്ങൾ എനിക്ക് നേരെ വാതിലുകൾ അടയ്ക്കാൻ ആഗ്രഹിച്ചു! കഴിഞ്ഞ തവണ നിങ്ങൾ സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ നിങ്ങൾ പരാജയപ്പെട്ടു, 856 വോട്ടുകൾ മാത്രം നേടി. പഞ്ചാബിന്റെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതിന് നിങ്ങളെ ശിക്ഷിക്കാൻ പഞ്ചാബിലെ ജനങ്ങൾ വീണ്ടും കാത്തിരിക്കുകയാണ് !!’ – രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയും മൂന്ന് തവണ സംസ്ഥാന പാർട്ടി അധ്യക്ഷനുമാക്കിയ കോൺഗ്രസിനോട് വിടപറഞ്ഞാണ് ക്യാപ്റ്റൻ പുതിയ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്.

Related Articles

Latest Articles