ദില്ലി;രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
രാജ്യത്തിന് ഇന്ന് സങ്കടകരമായ ദിനമാണെന്നും ,മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിൻ റാവത്തെന്നും അമിത് ഷാ കുറിച്ചു.
‘സിഡിഎസ് ജനറൽ ബിപിൻ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തിൽ നഷ്ടപ്പെട്ടതിനാൽ രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിന്ന് . മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഈ വേർപാടിൽ ഞാൻ അഗാധമായി വേദനിക്കുന്നു’- അമിത് ഷാ കുറിച്ചു
സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. 12.30നായിരുന്നു അപകടമുണ്ടായത്. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്

