ശ്രീനഗർ :പാകിസ്ഥാൻ പിന്തുണയോടെ കശ്മീരിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന വിഘടനവാദി സംഘടന അതിര്‍ത്തിയിലേയ്ക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇത് മറയാക്കി അതിര്‍ത്തിയിലേയ്ക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിക്കാനാണ് പാകിസ്ഥാന്‍റെ നീക്കം.
പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്നും, ഇന്ത്യ അതിനെ ഇസ്ലാമിക ഭീകരവാദമായി കണക്കാക്കുമെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് റാലി സംഘടിപ്പിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ആണ് റാലിയുടെ ബുദ്ധികേന്ദ്രം എന്നാണ് വിവരം. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവൻ റഫീഖ് ദാറാണ് റാലിയുടെ തലവൻ.
നിയന്ത്രണ രേഖ കടക്കുമെന്നാണ് സംഘടനയുടെ ആഹ്വാനമെങ്കിലും ഇവരെ ചകോത്തിയിൽ തടയുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇമ്രാൻ ഖാന്‍റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ മടങ്ങിപ്പോകില്ലെന്ന മുന്നറിയിപ്പും അമിത് ഷാ നൽകി.
രഹസ്യാന്വേഷണ സംഘത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കി. എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകളിപ്പോള്‍.

