Sunday, May 5, 2024
spot_img

ജയസൂര്യ, പേരുപോലെ ജയിച്ച സൂര്യനായി ! പിന്തുണയുമായി ജോയ് മാത്യു !

നെൽ കർഷകരുടെ പ്രശ്‌നങ്ങളിൽ മന്ത്രിമാരെ വേദിയിൽ ഇരുത്തി തന്നെ വിമർശിച്ച ജയസൂര്യയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ, താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ അധികാരികളെ ജനകീയ വിചാരണ നടത്തിയതോടെ ജയസൂര്യ ആ പേരുപോലെ തന്നെ ജയിച്ച സൂര്യനായി എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്.

മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കി താണുവണങ്ങി തൊഴുതു നിൽക്കുന്ന കലാ-സാഹിത്യകാന്മാരാണ് എങ്ങുമുള്ളതെന്നും ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുകു കുനിച്ച് വണങ്ങിയാലെ എന്തെങ്കിലും കിട്ടു എന്ന് ചിന്തിക്കുന്നവർക്കും ഇടയിലാണ് ജയസൂര്യ ജനകീയ വിചാരണ നടത്തിയതെന്നും ഇതോടെ ജയസൂര്യ പേര് പോലെ തന്നെ ‘ജയിച്ച സൂര്യമായി’ മാറിയിരിക്കുകയാണ്. അതേസമയം, അധികാരികളുടെ പുറം ചൊറിയുന്നതല്ല മറിച്ച് ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അധികാരികളെ ബോധിപ്പിക്കുകയാണ് വേണ്ടത്. ഈ ശരിയായ തീരുമാനം തന്റെ പ്രവൃത്തിയിലൂടെ കാണിച്ച ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യനെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, തിരുവോണ നാളിൽ കൃഷിക്കാർ പട്ടിണി സമരം കിടക്കുന്നതും വിഷം കലർന്ന പച്ചക്കറികൾ പരിശോധിക്കാൻ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി, കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി പൊളിച്ചടുക്കുകയായിരുന്നു ജയസൂര്യ. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നാണ് ജയസൂര്യ പ്രധാനമായും വിമർശിച്ചത്.

ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. അതുപോലെ
കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കർഷകർ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കാൻ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുതെന്നും താരം വ്യക്തമാക്കി. കൂടാതെ, പുതിയ തലമുറയിലെ ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസവും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് മക്കൾ എങ്ങനെയാണ് സാർ, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കർഷകരുടെ പ്രശ്‌നത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്നും ജയസൂര്യ വ്യക്തമാക്കി.

Related Articles

Latest Articles