Wednesday, October 7, 2026

അർദ്ധരാത്രിയിൽ യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ,കൂട്ടപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു

കോട്ടയം : യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്തെ ബാബു (48)എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞദിവസം ജയിലിൽ നിന്ന് മോചിതനായ ഇയാൾ ജയിലിൽ പോകുന്നതിനു മുമ്പ് ഇയാളുടെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് വേറൊരു യുവാവുമായി ഇപ്പോൾ അടുപ്പമുണ്ടെന്ന സംശയത്താൽ ഇന്നലെ അർദ്ധരാത്രിയോട് കൂടി യുവാവിനെ ആക്രമിക്കുകയും, ഇത് തടയാൻ ശ്രമിച്ച യുവതിയെ കയ്യില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ സാരമായ പരിക്ക് പറ്റിയ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, എസ്.ഐ രാജേഷ് കെ,സി.പി.ഓ മാരായ ദിലീപ് വർമ, രഞ്ജിത്ത് വി, സാജുമോൻ സി.കെ, അരുൺ സി.വിജയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles