Tuesday, May 14, 2024
spot_img

തലസ്ഥാന നഗരിയിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം ഓട്ടത്തിനിടെ കത്തിയമർന്ന സംഭവം ; പരിശോധന നടത്തി ഫോറൻസിക് വിഭാഗം

തിരുവനന്തപുരം : പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു കത്തിയമർന്ന സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡാന്റ് സുജിത്തിന്റെ വാഹനമാണ് കത്തിയത്. മ്യൂസിയത്തു നിന്നു വന്ന വാഹനം വെള്ളയമ്പലം സിഗ്‌നൽ കടന്നു കവടിയാർ റോഡിലേക്കു കടക്കുമ്പോഴാണ് തീ ഉയർന്നത്. അപകട സമയം ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. മുൻവശത്തു നിന്നു പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയായിരുന്നു അപകടം. ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ വാഹനം വൻ ശബ്ദത്തോടെ കത്തിയമർന്നു. ഉടൻ തന്നെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർ ഓടി എത്തി ഗതാഗതം തടഞ്ഞ ശേഷം വിവരം ഫയർഫോഴ്സിനെ അറിയിച്ചു.

എന്നാൽ ചെങ്കൽച്ചൂള സ്റ്റേഷനിൽ നിന്ന് യൂണിറ്റ് അപകട സമയത്ത് എത്തിയപ്പോഴേക്കും വാഹനം ഏറെക്കുറെ കത്തിനശിച്ചിരുന്നു. വാഹനത്തിന്റെ എസിയിൽ നിന്നുള്ള വാതകച്ചോർച്ചയാകാം തീപിടുത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.

Related Articles

Latest Articles