Sunday, October 4, 2026

ലണ്ടനിൽ വീണ്ടും കത്തിയാക്രമണം! ഇന്ത്യൻ വംശജനായ 26-കാരൻ കൊല്ലപ്പെട്ടു

പശ്ചിമ ലണ്ടനിലെ സൗത്താളിലുണ്ടായ ശക്തമായ കത്തിക്കുത്ത് ആക്രമണത്തിൽ ഇന്ത്യൻ വംശജനായ യുവാവ് കൊല്ലപ്പെട്ടു. 26 വയസ്സുകാരനായ ഗുർഭേജ് സിംഗ് ആണ് ലണ്ടനിലെ തെരുവിലുണ്ടായ അക്രമത്തിൽ ജീവൻ വെടിഞ്ഞത്. നോർത്ത് റോഡും ഡോർമേഴ്സ് വെൽസ് ലെയ്നും ചേരുന്ന കവലയിലെ ഒരു കടയ്ക്ക് പുറത്തുവെച്ചാണ് ഗുർഭേജ് സിംഗിന് നേരെ ആക്രമണമുണ്ടായതെന്നാണ് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതുകളിലുള്ള മറ്റൊരു യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്നും ലഭിച്ച അടിയന്തര സന്ദേശത്തെത്തുടർന്ന് പൊലീസും ആരോഗ്യപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഗുർഭേജ് സിംഗിന്റെ ജീവൻ രക്ഷിക്കാനായില്ല. കുത്തേറ്റ സാരമായ മുറിവുകളാണ് മരണകാരണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 20-നും 30-നും ഇടയിൽ പ്രായമുള്ള ഏഴുപേരെ പൊലീസ് സംഭവസ്ഥലത്തുനിന്നുതന്നെ സംശയത്തിന്റെ നിഴലിൽ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തുടർചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും ഒടുവിൽ ഇതിൽ ആറുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയും ഒരാൾക്ക് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

മെട്രോപൊളിറ്റൻ പൊലീസിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡ് വിഭാഗമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
അക്രമം നടന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നവരോ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ അവർ അടിയന്തരമായി അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ അലിസൺ ഫോക്സ്വെൽ അഭ്യർത്ഥിച്ചു.

കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് ലണ്ടനിൽ പുരോഗമിക്കുന്നത്. വിദേശത്ത് വച്ച് ദാരുണമായി കൊല്ലപ്പെട്ട ഗുർഭേജ് സിംഗിന്റെ കുടുംബത്തെ ലണ്ടൻ പൊലീസ് പ്രത്യേക സംഘം വഴി അനുശോചനമറിയിക്കുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles