Tuesday, September 22, 2026

അപ്പാടെ പാളി അരിക്കൊമ്പൻ ദൗത്യം! ആരോഗ്യവസ്ഥയിൽ ആശങ്ക, മുറിവുകൾ ഭേദമാകാൻ രണ്ടുമാസമെടുത്തേക്കും, ആന നീങ്ങുന്നത് തമിഴ്നാട്ടിലേക്ക്, മുറിവേറ്റ ആന മംഗളാ ദേവി ക്ഷേത്ര ഉത്സവത്തിന് ഭീഷണി?

ഇടുക്കി: ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതി പാളുന്നു? ചിന്നക്കനാലിൽ കാട്ടാന ആക്രമണം വീണ്ടും ഉണ്ടായി എന്ന് മാത്രമല്ല അരിക്കൊമ്പൻ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പന്റെ ആരോഗ്യവസ്ഥ തന്നെയാണ് ആദ്യ തലവേദന. മുറിവുകൾ സങ്കീർണ്ണമായിരിക്കുന്നുവെന്നും ഭേദപ്പെടാൻ രണ്ടുമാസം എടുത്തേക്കുമെന്നുമാണ് റിപ്പോർട്ട്. ആനയുടെ മുറിവുകൾ രണ്ടുമാസം നിരീക്ഷിക്കാനാണ് ഇപ്പോൾ വനം വകുപ്പിന്റെ തീരുമാനം. നേരത്തെ മുറിവുകൾ നിസ്സാരമാണെന്നും ചികിത്സ നൽകിയിട്ടുണ്ടെന്നുമാണ് ഡോ അരുൺ സക്കറിയ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നത്. മയക്കുവെടി വച്ച അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റാനായി കുങ്കിയാനകളെ ഉപയോഗിച്ച് നടത്തിയ നീക്കത്തിലാണ് അരിക്കൊമ്പന് പുറകുവശത്തും തുമ്പിക്കൈക്കും പരിക്കേറ്റത്. അസാധാരണമാം വിധം നാല് കുങ്കിയാനകളെയാണ് അരിക്കൊമ്പനെ വാഹനത്തിൽ കയറ്റാൻ ഉപയോഗിച്ചത്.

മുറിവേറ്റ ആന തമിഴ്നാട് ഭാഗത്തേക്ക് നീങ്ങുകയാണ് എന്നതാണ് മറ്റൊരു ആശങ്ക. സമൃദ്ധമായി ഭക്ഷണം കിട്ടുന്ന കേരളാ ഭാഗത്തേക്ക് ആന പോകുന്നില്ല. തമിഴ്‌നാട് ഭാഗം ഭക്ഷണ ദൗർലഭ്യവും കൃഷിയുള്ളതും ചിന്നക്കനാലിന് സമാനമായ പ്രദേശവുമാണ്. അങ്ങനെ വന്നാൽ ആനയെ അവിടെനിന്നും തുരത്തേണ്ടി വരും. മാത്രമല്ല പെരിയാർ വനത്തിൽ 15 കിലോമീറ്റർ ഉള്ളിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവീ ക്ഷേത്രത്തിലെ ചിത്രാ പൗർണ്ണമി ഉത്സവം മെയ് അഞ്ചിനാണ്. മുറിവേറ്റ ആന ക്ഷേത്ര പരിസരത്ത് എത്തുന്നത് തടയാനാകുമോ എന്ന മറ്റൊരു ആശങ്കയും വനം വകുപ്പിനുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് ചിത്രാ പൗർണ്ണമി ഉത്സവത്തിന് എത്തുന്നത്. കേരളാ തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാ ദേവീ ക്ഷേത്രം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ്. 2000 വർഷങ്ങൾക്ക് മുമ്പ് ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതാണ് മംഗളാദേവീ ക്ഷേത്രം. ചുരുക്കത്തിൽ അരിക്കൊമ്പനെ മാറ്റിയതുകൊണ്ട് ചിന്നക്കനാലിൽ കാട്ടാന പ്രശ്നം തീർന്നതുമില്ല പെരിയാർ വനമേഖലയിൽ മുറിവേറ്റ അരിക്കൊമ്പൻ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നത് മിഷൻ അരിക്കൊമ്പൻ പദ്ധതിയുടെ അശാസ്ത്രീയത തെളിയിക്കുകയല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Related Articles

Latest Articles