Sunday, May 26, 2024
spot_img

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാംഗ്ലൂർ ബാറ്റിംഗ് നിര ; ലക്നൗവിന് 127 റൺസ് വിജയലക്ഷ്യം

ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടാനെ കഴിഞ്ഞുള്ളു. 40 പന്തിൽ 44 റൺസ് നേടിയ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ലക്നൗവിനായി നവീനുൽ ഹഖ് 3 വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ഫാഫ് ഡുപ്ലെസിയും വിരാട് കോഹ്ലിയും ചേർന്ന് ബാംഗ്ലൂരിനു നൽകിയ നല്ല തുടക്കം പിന്നാലെ വന്നവർക്ക് മുതലാക്കാനാകാതെ പോകുകയായിരുന്നു. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് എന്ന ഭേദപ്പെട്ട സ്‌കോർ നേടിയ ആർസിബിയ്ക്ക് 9ആം ഓവറിൽ മാത്രമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 31 റൺസ് നേടിയ കോഹ്ലിയെ ബിഷ്ണോയ് പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ 62 റൺസാണ് ഉണ്ടായിരുന്നത്. പിന്നാലെയെത്തിയ കഴിഞ്ഞ മത്സരങ്ങളിലെ തകർപ്പനടിക്കാരൻ ഗ്ലെൻ മാക്സ്‌വലിനെയും (4) ബിഷ്ണോയ് തന്നെ മടക്കി. സുയാഷ് പ്രഭുദേശായ് (6) അമിത് മിശ്രയ്ക്ക് മുന്നിൽ വീണു.

ഒരുവശത്ത് നിലയുറപ്പിച്ച ഡുപ്ലെസിയെ 17ആം ഓവറിൽ മടക്കി അയച്ച മിശ്ര ബാംഗ്ലൂരിന് കടുത്ത പ്രഹരമാണ് ഏൽപ്പിച്ചത്. മഹിപാൽ ലോംറോർ (3) നവീനുൽ ഹഖിൻ്റെ ഇരയായി. ആർസിബിയുടെ അവസാന പ്രതീക്ഷയായിരുന്ന ദിനേശ് കാർത്തിക് (11 പന്തിൽ 16) റൺ ഔട്ടിൽ കുരുങ്ങി പുറത്തേക്ക് നടന്നു . കരൺ ശർമയെയും (2) മുഹമ്മദ് സിറാജിനെയും (0) നവീനുൽ ഹഖ് പുറത്താക്കി. വനിന്ദു ഹസരങ്ക (8) പുറത്താവാതെ നിന്നു.

Related Articles

Latest Articles