Wednesday, May 8, 2024
spot_img

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്: ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയടക്കം സ്ഥലം മാറ്റിയതായി റിപ്പോർട്ട്

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്ന മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം. 1029 കോടി രൂപയുടെ തട്ടിപ്പ് ഈ ബാങ്കിൽ നടന്നെന്നാണ് കണ്ടെത്തൽ. 32 ജീവനക്കാരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. ക്രമക്കേടിനെതിരെ മൊഴി നല്‍കിയവരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍ എത്തിയിരുന്നു. ഇതിന്റെ എല്ലാം പിന്നില്‍ കുഞ്ഞിലിക്കുട്ടിയാണെന്നായിരുന്നു ജലീലിന്റെ വാദം. എന്നാൽ സിപിഎം-ലീഗ് ബന്ധമാണ് അഴിമതിയിലൂടെ പുറത്തുവന്നതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

അതേസമയം സഹകരണ വകുപ്പിലെ ഇന്‍സ്പെക്ഷന്‍ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജലീലിന്റെ വാക്കുകള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 257 കസ്റ്റമർ ഐഡികളിൽ നിന്നായി 800 ൽ പരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അഴിമതി പണം വെളുപ്പിക്കുകയായിരുന്നുവെന്നാണ് ജലീലിന്റെ ആരോപണം. ഇക്കാര്യം ആദായനികുതി വകുപ്പിന്റെ റാൻഡം പരിശോധനയിൽ വ്യക്തമായതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ബാങ്കിലെ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും പുറത്തുവന്നിരുന്നു. ബാങ്കിന്റെ കമ്പ്യൂട്ടർ സോഫ്റ്റ് വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായ്ച്ചു കളഞ്ഞ് കൃത്രിമം നടത്തിയതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപം ഉള്ളതായും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ മുസ്ലിം ലീഗ് നേതാവ് അബ്ദു റഹ്മാൻ രണ്ടത്താണി അടക്കം ഉള്ളവർക്ക് അനധികൃത വായ്പയും ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ ടൈറ്റാനിയം മലബാർ സിമൻറ്സ്, കെഎംഎംഎൽ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളെ മറയാക്കി ബിനാമി ഇടപാടുകളിലൂടെ സ്വരൂപിച്ച അഴിമതിപ്പണം എആർ നഗർ അക്കൗണ്ടിലൂടെയാണ് ക്രയവിക്രയം നടത്തിയതെന്നും മുന്‍ മന്ത്രി കൂടിയായ കെ.ടി ജലീൽ ആരോപിച്ചിരുന്നു.

Related Articles

Latest Articles