Friday, December 26, 2025

ആദ്യ 20 മിനിറ്റ് ക്രൊയേഷ്യ തിളങ്ങി ; പിന്നെ മുഴുവൻ മെസ്സി മാജിക്ക്, അർജന്റീന ഫൈനലിൽ,ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചെന്ന മെക്‌സിക്കൻ താരം റാഫേൽ മാര്‍ക്കേസ്വിന്‍റെ റെക്കോര്‍ഡും പഴങ്കഥയാക്കി ലയണൽ മെസ്സി

കന്നി ലോകകപ്പെന്ന സ്വപ്‌നത്തിനു കൈയെത്തുംദൂരത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. ബ്രസീലിന്റെ കഥ കഴിച്ചതിന്റെ ഹുങ്കുമായെത്തിയ ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞാണ് അര്‍ജന്റീന ഫൈനലിലേക്കു കുതിച്ചത്. ആവേശകരമായ സെമി ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ മിന്നുന്ന വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. ജൂലിയന്‍ അല്‍വാരസ് (39, 69) അര്‍ജന്റീനയ്ക്കായി ഇരട്ടഗോള്‍ നേടിയപ്പോള്‍ ആദ്യ ഗോള്‍ മെസ്സിയുടെ (34) വകയായിരുന്നു.ഒരു ഗോള്‍ നേടുകയും മൂന്നാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസ്സിയുടെ മാജിക്കല്‍ പ്രകടനമാണ് അര്‍ജന്റീനയെ കലാശപ്പോരിനു യോഗ്യത നേടാന്‍ സഹായിച്ചത്. കളിയുടെ ആദ്യ 20 മിനിറ്റില്‍ ക്രൊയേഷ്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടതെങ്കില്‍ ലീഡ് നേടിയ ശേഷം അര്‍ജന്റീനയുടെ തേരോട്ടമാണ് കണ്ടത്.

നെതര്‍ലാന്‍ഡ്‌സിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളോടെയാാണ് അര്‍ജന്റീന ഇറങ്ങിയത്. സസ്‌പെന്‍ഷനെ തുടര്‍ന്നു മോണ്ടിയെല്‍, അക്ക്യുന എന്നിവര്‍ക്കു പുറത്തിരിക്കേണ്ടിവന്നു. അക്യുനയ്ക്കു പകരം ടാഗ്ലിയാഫിക്കോയാണ് കളിച്ചത്. പരെഡെസിനു പകരം ലിസാന്‍ഡ്രോ ലോപ്പസിനെയും അര്‍ജന്‍ീന ഇറക്കിയിരുന്നു. എന്നാല്‍ ബ്രസീലിനെ വീഴ്ത്തിയ അതേ ഇലവനെയാണ് ക്രൊയേഷ്യ ഈ കളിയിലും പരീക്ഷിച്ചത്.അര്‍ജന്റീനയെ പ്രതിരോധത്തില്‍ നിര്‍ത്തുന്ന കളിയാണ് ക്രൊയേഷ്യ പുറത്തെടുത്തത്. പന്തിനു മേല്‍ ആധിപത്യം പുലര്‍ത്തിയ അവര്‍ അര്‍ജന്റീനയെ സമ്മര്‍ദ്ദത്തിലാക്കി. ബോള്‍ കൂടുതല്‍ സമയവും അര്‍ജന്റീനയുടെ ഹാഫിലായിരുന്നു.കുറിയ പാസുകള്‍ കളിച്ച് ക്രൊയേഷ്യ അര്‍ജന്റീനയെ പലപ്പോഴും കാഴ്ചക്കാരാക്കി നിര്‍ത്തി.

ആദ്യ 20 മിനിറ്റില്‍ അര്‍ജന്റീനയ്ക്കു പലപ്പോഴും ബോള്‍ പോലും ലഭിച്ചില്ല. 55 ശതമാനത്തോളം ബോള്‍ ക്രൊയേഷ്യയുടെ പക്കലായിരുന്നു.കളം നിറഞ്ഞു കളിച്ചത് ക്രൊയേഷ്യയായിരുന്നെങ്കിലും ആദ്യത്തെ ഗോള്‍ സേവ് നടത്തേണ്ടി വന്നത് ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ചിനായരുന്നു. 25ാം മിനിറ്റിലായിരുന്നു ഇത്. ബോക്‌സിനു തൊട്ടരികില്‍, സെന്ററില്‍ വച്ച് ഫെര്‍ണാണ്ടസ് ഒരു ലോങ്‌റേഞ്ചര്‍ തൊടുക്കുകയായിരുന്നു. പക്ഷെ ഫസ്റ്റ് പോസ്റ്റിലേക്കു വന്ന ബോള്‍ ലിവാക്കോവിച്ച് ഇടതു വശത്തേക്കു ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.34ാം മിനിറ്റില്‍ മല്‍സരഗതിക്കു വിപരീതമായി അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ബോക്‌സിലേക്കു നീട്ടി നല്‍കിയ മനോഹരമായ ബോളുമായി ഒറ്റയ്ക്കു ഓടിക്കയറിയ അല്‍വാറസിനെ ക്രൊയേഷ്യന്‍ ഗോളി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അര്‍ജന്റീനയ്ക്കു പെനല്‍റ്റിയും നല്‍കി. കിക്കെടുത്തത് മെസ്സിയായിരുന്നു.

നേരത്തേ രണ്ടു ഷൂട്ടൗട്ടുകളിലടക്കം നിരവധി കിടിലന്‍ സേവുകള്‍ നടത്തിയ ഗോളി ലിവാക്കോവിച്ചിനെ നിഷ്പ്രഭനാക്കി വെടിയുണ്ട കണക്കെയുള്ള പെനല്‍റ്റിയിലൂടെ മെസ്സി അര്‍ജന്റീനയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു.ഗോള്‍ നേടിയ ശേഷം അര്‍ജന്റീന സടകുടഞ്ഞെഴുന്നേല്‍ക്കുന്നതാണ് കണ്ടത്. ലീഡ് നല്‍കിയ ആത്മവിശ്വാസത്തോടെ ഇരമ്പിക്കളിച്ച അവര്‍ നാലു മിനിറ്റിനകം രണ്ടാം ഗോളും നേടി ക്രൊയേഷ്യയെ സ്തബ്ധരാക്കി. അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഈ ഗോള്‍. ഹാഫ് വേ ലൈനില്‍ നിന്നും മെസ്സി നല്‍കിയ ബോളുമായി അതിവേഗം പറന്ന അല്‍വാറസ് ബോക്‌സിനുള്ളില്‍ നിന്നും തന്നെ തടയാന്‍ ശ്രമിച്ച രണ്ടു ഡിഫന്‍ഡര്‍മാരെയും ഗോളിയെയും കബളിപ്പിച്ച് ഒഴിഞ്ഞ വലയിലേക്ക് ഷോട്ടുതിര്‍ക്കുകയായിരുന്നു.

69ാം മിനിറ്റില്‍ അര്‍ജന്റീനയുടെ വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കി അല്‍വാരസ് മൂന്നാം ഗോളും കണ്ടെത്തി. മെസ്സിയെന്ന മജീഷ്യന്റെ അസാധാരണ പാടവം വിളിച്ചോതുന്ന ഗോളായിരുന്നു ഇത്. ത്രോയ്‌ക്കൊടുവില്‍ ലഭിച്ച ബോളുമായി വലതു മൂലയിലൂടെ ബോക്‌സിലേക്കു പറന്നുകയറിയ മെസ്സി ഒരു കട്ട്ബാക്ക് പാസ് നല്‍കുകയായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അല്‍വാരസിനു അതു വലയിലേക്കു പ്ലേസ് ചെയ്യേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ.

Related Articles

Latest Articles