ദില്ലി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ മാറ്റി. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഏഴു ദിവസത്തിനകം എഴുതി സമർപ്പിക്കാൻ കോടതി അഭിഭാഷകര്‍ക്ക് സമയം അനുവദിച്ചു.

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വാദം ആരംഭിച്ചത്. മൂന്നുമണിയോടെ വാദം പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

രണ്ടരമണിക്കൂറോളം സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ അഭിഭാഷകര്‍ വാദം നടത്തി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെക്ഷനില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ബിന്ദു,കനകദുര്‍ഗ്ഗ എന്നിവരുടെ അഭിഭാഷകന്‍ ഇന്ദിരാ ജെയ്സിംഗ് എന്നിവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പുനപരിശോധനാ ഹര്‍ജിയെ എതിര്‍ത്തും വാദിച്ചു.

65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച്‌ ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.