മേഘമല : ഇടുക്കി ചിന്നക്കനാലിൽനിന്നും പെരിയാർ ടൈഗർ റിസർവ് വനമേഖലയിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പൻ ജനവാസമേഖലയില്‍ എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ മേഘമലയില്‍ ഇന്നലെ വൈകുന്നേരം വിഹരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണു ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മേഘമലയിൽ ഇന്നലെ ആനയുടെ ആക്രമണം നടന്നുവെന്ന് ചില തമിഴ് മാദ്ധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. തകർന്ന വീടിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പത്രങ്ങളിൽ വാർത്ത വന്നിരിക്കുന്നത്. രാത്രിയിൽ ഒരു ആന അവിടെ നാശം വിതച്ചുവെന്നാണു റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന് പിന്നിൽ അരിക്കൊമ്പനാണോയെന്ന കാര്യം വ്യക്തമല്ല.
അതെ സമയം തമിഴ്നാട് വനംവകുപ്പും കേരള വനംവകുപ്പും അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നുണ്ട്. കേരളാ വനം വകുപ്പിന്റെ സംഘം അരിക്കൊമ്പനെ നിരീക്ഷിക്കാനായി വനത്തിനുള്ളിലുണ്ടെങ്കിലും ഇവർക്ക് അരിക്കൊമ്പനെ നേരിൽ കാണാനായിട്ടില്ല എന്നാണ് വിവരം.മേഘമലയ്ക്കു സമീപം മണലാർ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസവും അരിക്കൊമ്പനെ കണ്ടിരുന്നു. പിന്നീട് ഇവിടെനിന്ന് ആനയെ ഓടിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് വനംവകുപ്പ് നിർദേശിക്കുകയും ചെയ്തു.
അരിക്കൊമ്പനിൽ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്നുള്ള സിഗ്നൽ വിശകലനം ചെയ്തതിൽ നിന്ന് കേരളത്തിലെ പെരിയാർ റേഞ്ചിലേക്ക് ആന എത്തിയിട്ടുണ്ട്. നാലു ദിവസം കൊണ്ട് 40 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിച്ചതെന്ന് വനംവകുപ്പ് വ്യക്തമാക്കി.

