Tuesday, May 21, 2024
spot_img

അരിക്കൊമ്പൻ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ; രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക് കടന്നു; ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നു

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പന്റെ സഞ്ചാരം ഇപ്പോൾ എത്തി നിൽക്കുന്നത് കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ. രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ് ഭാഗത്തേക്ക് കൊമ്പൻ
എത്തിയിരുന്നു. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസം പെരിയാ‍ർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങി. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാ‌ർ എന്നീ സ്ഥലങ്ങൾക്ക് സമീപത്തുള്ള അതി‍ർത്തിയിലെ വനമേഖയിയൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടുത്തെ വനത്തിനുള്ളിൽ ഉണ്ടെന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഈ ഭാഗത്തെ വനത്തിൽ നിന്നും പുറത്തിറങ്ങിയാൽ മേഘമലയിലെ തേയിലത്തോട്ടത്തിലേക്കെത്താം. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വനത്തിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധ്യത കുറവാണെന്നാണ് വനംവകുപ്പ് പറയുന്നത്. മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ നിരവധി പേർ ഇവിടേക്കെത്തും. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് വരാൻ സാധ്യയുള്ളതിനാൽ കൂടുതൽ വനപാലകരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തേക്ക് എത്തിയാൽ ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles