Friday, May 10, 2024
spot_img

കടമ്മനിട്ട ഗോത്ര കലാ കളരിയുടെ ‘പടയണി’; പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ

തിരുവനന്തപുരം: വെങ്ങാനൂരിലെ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ കടമ്മനിട്ട ഗോത്ര കലാ കളരി അവതരിപ്പിക്കുന്ന ‘പടയണി’ ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ നടക്കും. ദാരികനെ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ
ദാരിക നിഗ്രഹം കഴിഞ്ഞ് അങ്കക്കലി പൂണ്ട് സംഹാര രുദ്രയായി സർവ്വതും മുടിച്ച് കൈലാസത്തിലേക്കു മടങ്ങുന്ന കാളിയുടെ കോപം അടക്കാൻ ശിവനും ഭൂത ഗണങ്ങളും ചേർന്നൊരുക്കിയ സന്നാഹം…..വാദ്യം മുഴക്കിയും വിനോദം പറഞ്ഞും പാട്ടുപാടിയും കോലം കെട്ടി ആടിയും നടത്തിയ പ്രകടനങ്ങൾ…. കാലന്തരത്തിൽ നാട്ടുദേവതയായ ഭാഗവതിയുടെ കോപത്തിൽ നിന്ന് ദേശത്തിന് രക്ഷ നേടാൻ നാട്ടുകൂട്ടങ്ങൾ ഇതിന്റെ തനിയാവർത്തനം ഭാഗവതിക്കു മുമ്പിൽ കെട്ടിയാടാൻ തുടങ്ങിയെന്നും അത് പടയണിയായി അറിയപ്പെട്ടുവെന്നുമാണ് വിശ്വാസം.

ഈ കലാരൂപത്തിന്റെ തനതു വാദ്യമായ “തപ്പ് ” കത്തിയമരുന്ന ആഴിക്കു മുന്നിൽ വച്ചു ചൂടാക്കി നാദശുദ്ധി വരുത്തി മേളം കൊട്ടുന്ന അസുര വാദ്യമാണ്. പിൻ പാട്ടിന്റെ കരുത്തിൽ പച്ചപ്പാള ചെത്തി വിവിധ രൂപങ്ങളിൽ വെട്ടിയെടുത്തു പ്രകൃതി ദത്തമായ അഞ്ചു നിറങ്ങളിൽ എഴുതി ഉണ്ടാക്കുന്ന കോലങ്ങൾ വിവിധ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. കരി അരച്ചെടുത്ത കറുപ്പ്, ചെങ്കൽ അരച്ച ചുവപ്പ്, മഞ്ഞളിന്റെ മഞ്ഞ, പാളയുടെ പച്ച, വെള്ള എന്നിങ്ങനെയാണ് അഞ്ചു നിറങ്ങൾ. മുഖ മറയായും കിരീടങ്ങളായും ഉള്ള കോലങ്ങൾ പടയണിയിൽ ഉപയോഗിക്കുന്നു.

നന്മയും സമൃധിയും നിറഞ്ഞ ഭാവി കാലത്തിനു വേണ്ടി ഇഷ്ട ദേവതയെ സംപ്രീതയാക്കാൻ ഗണപതി, മറുത, കാലൻ, യക്ഷി, ഭൈരവി തുടങ്ങിയ കോലങ്ങൾ കളത്തിൽ ചൂട്ടു വെളിച്ചത്തിൽ തുള്ളി ഉറയുന്നു. ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെ വിജയമായും, തിന്മയുടെ മേൽ നന്മയുടെ വിജയമായും കരപ്പുറങ്ങളിൽ കാലം തോറും പടയണി അരങ്ങേറുന്നു.

Related Articles

Latest Articles