Thursday, April 25, 2024
spot_img

കണ്ണൂർ ജില്ലയിൽ മൂന്നുമാസത്തേയ്ക്ക് പ്രവേശിക്കരുത്; അർജുൻ ആയങ്കിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: അർജുൻ ആയങ്കിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തിൽ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥർക്കു മുൻപാകെ ഹാജരാകണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നും നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 28നാണ് കേസിൽ അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റു ചെയ്ത് രണ്ടു മാസം പിന്നിട്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് അർജുൻ ആയങ്കി. ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താൽ അർജ്ജുൻ ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

അതേസമയം നേരത്തെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അർജുന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കു ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചായിരുന്നു കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത്. പ്രതിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സംഘം ഉണ്ടെന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles