Sunday, May 5, 2024
spot_img

ബിഎച്ച് സീരിസ് നടപ്പിലാവുമ്പോൾ കോളടിക്കുന്നത് മലയാളികൾക്ക്

വാഹന രജിസ്ട്രേഷന് രാജ്യമാകെ ഏകീകൃത സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ പരിഷ്കാരം നിലവില്‍ വരുന്നതോടെ ഒരു സംസ്ഥാനത്തു നിന്നും വാങ്ങിച്ച വാഹനം മറ്റൊരു സംസ്ഥാനത്തു കൊണ്ടു പോകുമ്ബോള്‍ ചെയ്യേണ്ട റീരജിസ്ട്രേഷന്‍ പോലുള്ള നടപടികള്‍ ഒഴിവാക്കാം.

നിലവില്‍ 12 മാസത്തില്‍ കൂടുതല്‍ കാലം രജിസ്റ്റര്‍ ചെയ്ത വാഹനം സംസ്ഥാനത്തിനു പുറത്തു
ഉപയോഗിക്കുവാന്‍ സാധിക്കില്ല. ഇങ്ങനെ ഉപയോഗിക്കണമെങ്കില്‍ വാഹനം റീ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തു നിന്നുള്ള എന്‍ ഒ സി സ‍ര്‍ട്ടിഫിക്കറ്റും ഇതിന് ആവശ്യമാണ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഈ നൂലാമാലകള്‍ എല്ലാം ഒഴിവാക്കുവാന്‍ സാധിക്കും.

ഭാരത് സീരീസ് എന്നാണ് ഈ പുതിയ രജിസ്റ്റര്‍ നമ്ബറുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ഇതനുസരിച്ച്‌ വാഹനത്തിലെ രജിസ്ട്രേഷന്‍ നമ്ബ‌ര്‍ എഴുതുന്ന രീതിയിലും വ്യത്യാസമുണ്ടാകും. ഇപ്പോള്‍ അതാത് സംസ്ഥാനങ്ങളുടെ ചുരുക്കപേര് ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കുന്നത്. ഭാരത് സീരീസ് അനുസരിച്ച്‌ നമ്ബര്‍ നല്‍കുമ്ബോള്‍ വാഹനം വാങ്ങിയ വ‍ര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി, എച്ച്‌ എന്നീ ഇംഗ്ളീഷ് അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്ട്രേഷന്‍ നമ്ബ‍ര്‍. ഭാരത് സീരീസില്‍ റോഡ് ടാക്സ് അടയ്‌ക്കേണ്ടത് 15 വര്‍ഷത്തിനു പകരം രണ്ട് വര്‍ഷത്തേക്കാണ്.

തത്ക്കാലം പുതുതായി ഇറങ്ങുന്ന വാഹനങ്ങള്‍ക്കു മാത്രമാണ് ഭാരത് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. പഴയ വാഹനങ്ങള്‍ ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റുന്നതിനെ കുറിച്ച്‌ കേന്ദ്ര ഗതാഗതമന്ത്രാലയം ഇതുവരെ വിജ്ഞാപനം ഒന്നും പുറപ്പെടുവിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതിനെ കുറിച്ചും വ്യക്തത ഉണ്ടാകുമെന്ന് കരുതുന്നു.

പ്രതിരോധ ഉദ്യോഗസ്ഥര്‍, സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നാലില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ എന്നിവര്‍ക്ക് ഏകീകൃത രജിസ്ട്രേഷന്‍ സംവിധാനത്തില്‍ മുന്‍ഗണന ലഭിക്കും. അതേസമയം വാഹന ഉടമകള്‍ക്കാകട്ടെ വന്‍ നേട്ടവും. അടയ്ക്കേണ്ട നികുതി ഗണ്യമായി കുറയുന്നതാണ് ഉടമകള്‍ക്ക് നേട്ടമാകുന്നത്. ബി എച്ച്‌ സീരീസ് നടപ്പാക്കുന്നതോടെ വാഹന വിലയുടെ എട്ടുമുതല്‍ 12 വരെ ശതമാനമാണ് നികുതിയായി ഈടാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 21 ശതമാനംവരെ നികുതി ചുമത്തുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

അഞ്ചുലക്ഷംവരെ വിലയുളള വാഹനങ്ങള്‍ക്ക് വിലയുടെ ഒമ്ബത് ശതമാനവും , പത്തുലക്ഷംവരെ 11ശതമാനവും, പതിനഞ്ചുലക്ഷംവരെ 13ശതമാനവും, ഇരുപതു ലക്ഷംവരെ 16 ശതമാനവും, അതിനുമുകളില്‍ 21 ശതമാനം എന്നിങ്ങനെയാണ് സംസ്ഥാനത്തെ നിലവിലെ നികുതി നിരക്ക്. പതിനഞ്ചുവര്‍ഷത്തേക്ക് ഒറ്റത്തവണയായി നികുതി അടയ്ക്കുകയും വേണം. ഇക്കാരണം കൊണ്ട് വന്‍ വിലയുള്ള ആഡംബരവാഹനങ്ങള്‍ നികുതി കുറവുളള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പതിവാണ്. പലപ്പോഴും വ്യാജ വിലാസത്തിലായിരിക്കും രജിസ്ട്രേഷന്‍.

ബി എച്ച്‌ രജിസ്ട്രേഷന്‍ നടപ്പാക്കുന്നതോടെ വാഹന ഉടമകള്‍ക്ക് രണ്ടുവര്‍ഷ തവണകളായി നികുതി അടയ്ക്കാം. ജി എസ് ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്. വാഹനം വാങ്ങുന്നവരെ സംബന്ധിച്ച്‌ ഇത് ഏറെ ആശ്വാസമാണ്.

മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റം ലഭിക്കാനിടയുള്ള കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ രജിസ്ട്രേഷന്‍ അനുഗ്രഹമാണ്. നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള സ്വകാര്യ കമ്ബനികളിലെ ജീവനക്കാര്‍ക്കും ആനുകൂല്യം കിട്ടും. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ മാറ്റാതെ കൊണ്ടുപോകാനുളള അനുമതിയും ലഭിക്കും.

വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles