Friday, May 17, 2024
spot_img

കോഴിക്കോട് ഭീകരാക്രമണം; പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കണ്ണൂർ : കോഴിക്കോട് ഭീകരാക്രമണക്കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വന്നാണ് തെളിവെടുപ്പു നടത്തിയത്. വൻ സുരക്ഷാ സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിൽ പ്രതി തീവച്ച ഡി 1 കോച്ചിലായിരുന്നു ആദ്യ തെളിവെടുപ്പ് നടന്നത്. അന്വേഷണം നടക്കുന്നതിനാൽ ഡി 1, ഡി 2 കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപ്പെടുത്തി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇവിടുത്തെ തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടുനിന്നു. ഇതിന് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലും തെളിവെടുപ്പ് നടത്തി.

സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ സമാന്തര അന്വേഷണവുമായി റോയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും രംഗത്തിറങ്ങിയതിനിടെയാണ് തെളിവെടുപ്പ്. ആക്രമണത്തിന് ശേഷം കണ്ണൂർ വരെയുള്ള യാത്രയിൽ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.

ചോദ്യം ചെയ്യൽ വിവരങ്ങൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസവും അറിയിക്കുന്നുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കാര്യമായ പുരോഗതിയില്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. അതേസമയം പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു.

Related Articles

Latest Articles