കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്തയായ അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലും 20 കോടി രൂപ കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം പിടിച്ചെടുത്തത്.
അഞ്ച് നോട്ടെണ്ണല്‍ യന്ത്രങ്ങളുപയോഗിച്ചാണ് ബാങ്കുദ്യോഗസ്ഥര്‍ തുക എണ്ണിത്തിട്ടപ്പെടുത്തിയത്. അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്നും 21 കോടി രൂപ ക്യാഷ് ആയി കണ്ടെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ പരിശോധനയില്‍ ഈ പണം പിടിച്ചെടുക്കുന്നത്. കറന്‍സി കൂടാതെ മൂന്ന് കിലോ സ്വര്‍ണ്ണവും ഇവരുടെ രണ്ടാമത്തെ ഫ്ലാറ്റില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം രണ്ട് കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ പിടികൂടിയത് അമ്പത് കോടിയോളം രൂപ പിടികൂടി
പശ്ചിമ ബംഗാളില്‍ നടന്ന അധ്യാപക, അധ്യാപകേതര തസ്തികകളിലേക്കുള്ള നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. അഴിമതിയുമായി ബന്ധപ്പെട്ട് അര്‍പ്പിതയെയും പാര്‍ത്ഥ ചാറ്റര്‍ജിയെയും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു.
അറിയപ്പെടാത്ത ഒരു മോഡലും കലാകാരിയുമായ അര്‍പ്പിത മുഖര്‍ജി ബെല്‍ഗോറിയയിലെ വീട്ടില്‍ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുമായി അടുത്തതോടെ സിനിമാനടിയായും സിനിമ നിര്‍മ്മാതാവായും ഉയര്‍ന്നു. തെക്കന്‍ കൊല്‍ക്കത്തയില്‍ സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരവധി ആഡംബര ഫ്ളാറ്റുകള്‍ സ്വന്തമാക്കി. തികച്ചും നാടകീയമായ വളര്‍ച്ചയായിരുന്നു മമതയുടെ വലംകൈയായ തൃണമൂല്‍ മന്ത്രിയുടെ സഹായത്തോടെ അര്‍പ്പിത നേടിയത്.
പൊതുവെ ഇഡിയെയും കേന്ദ്ര ഏജന്‍സികളെയും തള്ളിപ്പറയുന്ന മമത ബാനര്‍ജി ഈ റെയ്ഡിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. പിടിച്ചെടുത്തത് ഇഡി കൊണ്ടുവന്ന് വെച്ച പണം തന്നെയാണെന്ന കള്ള ആരോപണങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച തൃണമൂല്‍ നേതാക്കള്‍ തന്നെ ഇതോടെ മൗനത്തിലായി. ഇഡിയെയും ബിജെപിയെയും വിമര്‍ശിക്കുന്ന മഹുവ മൊയ്ത്ര എംപിയും ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല.

