Friday, May 17, 2024
spot_img

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്: പൂജപ്പുര സെൻ്ട്രൽ ജയിലിലും പ്രതിഷേധം, പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും, സംസ്ഥാനത്തൊട്ടാകെ നാളെ മുതൽ യൂത്ത് കോൺഗ്രസിൻ്റെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം- പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലിൻ്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്തോട്ടാകെ വ്യാപക പ്രതിഷേധം. അറസ്റ്റ് ചെയ്ത് രാഹുലിനെ എത്തിച്ച പൂജപ്പുര സെൻട്രൽ ജയിലിലും പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ജയിൽ ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളിനും ഇടയാക്കി.

വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. ഫാസിസ്റ്റ് നയമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു. ചൊവ്വാഴ്ച പുലർച്ചെ വീടുകയറിയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുലിനെ തിരുവനന്തപുംര കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു പോലീസിന്‍റെ നാടകീയ നീക്കം.

രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളാണ്. നേരത്തെ 24 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles