ചെന്നൈ: നയന്‍താരയ്ക്കും, വിഗ്നേഷ് ശിവനുമെതിരെ പരാതിയുമായി യുവാവ്(Arrest Vignesh Sivan and Nayanthara Petition Complaint Raised Against to Nayanthara By Kannan). സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്. ‘റൗഡി പിക്‌ചേഴ്‌സ്’ എന്നാണ് നയൻതാരയുടേയും വിഗ്നേഷ് ശിവന്റേയും പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ പരാതി നൽകിയിരിക്കുന്നത്. തമിഴ്‌നാട് പോലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരുമായി വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കൾ ആരാധനയോടെ കാണുന്ന താരങ്ങൾ ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന് പ്രൊഡക്ഷൻ ഹൗസിന് പേര് നൽകുന്നത് തെറ്റായ മാതൃകയാണെന്നാണ് പരാതിയിൽ പറയുന്നത്.
ചെന്നൈ സിറ്റി കമ്മീഷ്ണർ ഓഫീസിലാണ് യുവാവ് പരാതി സമർപ്പിച്ചത്. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത് നയൻതാരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികൾ ചേർന്ന് ‘റൗഡി പിക്‌ചേഴ്‌സ്’ എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. 2021 ൽ പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ നിർമിച്ചത് റൗഡി പിക്‌ചേഴ്‌സ് ആയിരുന്നു. അതേസമയം നയൻതാരയും, വിഘ്‌നേഷും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ്.
പിന്നീടാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയും വന്നിരുന്നു. വിഘ്‌നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര തന്നെയാണ് പൊതുവേദിയില്‍ ഒരിക്കൽ പറഞ്ഞത്. പിന്നീട് വിവാഹത്തെ സംബന്ധിക്കുന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഈയിടയ്ക്ക് ഇരുവരും ഒന്നിച്ച് നടത്തിയക്ഷേത്ര ദര്‍ശനം വീണ്ടും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയാണ് നയന്‍താര വിഘ്‌നേഷിനൊപ്പം എത്തിയത്. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞതായും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

