Thursday, May 2, 2024
spot_img

”ഹൃദയസരസ്സിലെ പ്രണയപുഷ്പമേ…” മലയാള സിനിമയുടെ മഹാരഥനായ ശ്രീകുമാരന്‍ തമ്പിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് സംഗീതലോകം

മലയാള സിനിമയുടെ മഹാരഥനായ ശ്രീകുമാരന്‍ തമ്പിക്ക് പിറന്നാള്‍ ആശംസകൾ ( Sreekumaran Thampi Birthday) നേർന്ന് സംഗീതലോകം. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ 82 ആം പിറന്നാൾ ദിനം. നിരവധിപേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തിയത്. കവി, ഗാന രചിയാതാവ്, സംഗീത സംവിധായകൻ, സിനിമാ സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ തലമുറകളായി മലയാളിയ്ക്ക് പ്രിയപ്പെട്ടവനാണദ്ദേഹം. മലയാള ചലച്ചിത്ര ഗാനാസ്വാദകരെ നിർവൃതിയുടെ ആവണിത്തെന്നലായി മാറ്റുന്ന വരികളുടെ ഉടമയാണ് ശ്രീകുമാരൻ തമ്പി.

എത്ര കേട്ടാലും മതിവരാത്ത, അല്ലെങ്കില്‍ കേള്‍ക്കുംതോറും ഇഷ്ടംകൂടുന്ന ഒരു മാന്ത്രികതയുണ്ട് അദ്ദേഹത്തിന്റെ വരികള്‍ക്ക്. പ്രണയഗാനങ്ങളല്ല തമ്പി കൂടുതൽ എഴുതിയത് പ്രണയനഷ്ടത്തിന്റെ തീവ്ര നൊമ്പരങ്ങളാണ് അദ്ദേഹം എഴുതിയ ഗാനങ്ങൾ ഓരോന്നും. കാലാന്തരങ്ങള്‍ക്കും അപ്പുറം നിത്യശോഭയോടെ തെളിഞ്ഞു നില്‍ക്കുന്ന വരികള്‍. തലമുറകളുടെ ഹൃദയസരസ്സുകളില്‍ ഇടം നേടിയ നിത്യ സുന്ദരഗാനങ്ങള്‍. ശ്രീകുമാരൻ തമ്പിക്ക് ഏത് വിശേഷണമാണ് ഏറ്റവും ചേരുക? അങ്ങനെയുള്ള ചോദ്യത്തിന് ഒരു ഉത്തരം മാത്രമായി പറയുക അസാധ്യം.

കവിതയും തിരക്കഥയും സംവിധാനവും പാട്ടെഴുത്തുമെല്ലാമായി പര ന്നൊഴുകുകയാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതിഭ. എണ്‍പത്തിരണ്ടിന്റെ നിറവില്‍ ശ്രീകുമാരൻ തമ്പി എത്തിനില്‍ക്കുമ്പോള്‍ മലയാള സിനിമയുടെയും ഗാനങ്ങളുടെയും ചരിത്രത്തിന് ഒരേടു കൂടിയാണ് ചേര്‍ക്കപ്പെടുന്നത്. എഞ്ചിനീയറിംങ് ബിരുദധാരിയായ ശ്രീകുമാരൻ തമ്പി 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവച്ച് പൂർണ്ണമായും കലാസാഹിത്യ രംഗത്തേക്ക്എത്തുകയായിരുന്നു.

മുപ്പത് തികയും മുന്നേ മലയാള ചലച്ചിത്ര ഗാനലോകത്ത് തന്റെ പേര് ഉറപ്പിച്ചിരുന്നു ശ്രീകുമാരൻ തമ്പി. ഹൃദയ സരസ്സിലെ പ്രണയ പുഷ്‍പമേ ഇനിയും നിൻ കഥ പറയൂ’ എന്ന് എഴുതുമ്പോള്‍ കേവലം 27 വയസ്. തൊട്ടടുത്ത വര്‍ഷം ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം’ എന്ന എവര്‍ഗ്രീൻ ഹിറ്റെഴുതി. മേഘം പൂത്തു തുടങ്ങി മോഹം പെയ്‍തു തുടങ്ങി’, ഉണരുമീ ഗാനം’, ‘ഒന്നാം രാഗം പാടി’, ‘ചുംബനപ്പൂ കൊണ്ടു മൂടി തമ്പുരാട്ടി’, ‘സന്ധ്യക്കെന്തിന് സിന്ദൂരം’, എന്നതടക്കമുള്ള ഒട്ടേറെ ഗാനങ്ങള്‍ ഇന്നും ജനം ഏറ്റു പാടുന്നു. ‘ പ്രണയപ്പാട്ടെഴുത്തില്‍ അതികായകനായി സിനിമയില്‍ ശ്രീകുമാരൻ തമ്പി വിരാജിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ സാരം വെളിവാക്കുന്ന അര്‍ഥ പൂര്‍ണതയുള്ള വരികളും അദ്ദേഹത്തില്‍ നിന്ന് മലയാളം കേട്ടു.

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാൻ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാൻ നിഴല്‍ മാത്രം’, ‘ബന്ധുവാര്, ശത്രുവാര് എന്നെഴുതി ജീവിതത്തിന്റെ അര്‍ഥത്തെ തിരയുകയും ചെയ്‍തു ശ്രീകുമാരൻ തമ്പി.
ഏകദേശം മൂവായിരത്തിലധികം സിനിമ ഗാനങ്ങള്‍ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. തമ്പിയെ കവിതയില്‍ മാത്രം തിരഞ്ഞാല്‍ അത് നീതിയാകില്ല. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്.

Related Articles

Latest Articles