Wednesday, May 15, 2024
spot_img

നാസയുടെ മെഗാമൂൺ റോക്കറ്റ് ആർട്ടിമിസ് 1 ഇന്ന് കുതിച്ചുയരും; മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാൻ പദ്ധതി; 2024ൽ ചന്ദ്രന് ചുറ്റും യാത്രികർ ഭ്രമണം ചെയ്യും

ന്യൂയോർക്ക്: വീണ്ടും മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്ന് ആരംഭം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 വിക്ഷേപണം ഇന്ന് വൈകിട്ട് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6.04ന് ഫ്‌ളോറിഡയിലെ കേപ് കാനവറിൽ നിന്നാണ് വിക്ഷേപണം. പരീക്ഷണദൗത്യമായതിനാൽ തന്നെ ഈ യാത്രയിൽ മനുഷ്യ യാത്രികർ ഉണ്ടാകില്ല. ഇത് വിജയിക്കുകയാണെങ്കിൽ മാത്രമേ മനുഷ്യരെ അയക്കുകയുള്ളു എന്നാണ് തീരുമാനം. ഈ ദൗത്യം വിജയിച്ചാൽ അടുത്ത ഘട്ടം 2024ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 2024ൽ ചന്ദ്രന് ചുറ്റും യാത്രികർ ഭ്രമണം ചെയ്യും. 2025ൽ അടുത്ത ഘട്ടത്തിൽ സ്ത്രീ യാത്രക്കാരെ ഉൾപ്പെടെ ചന്ദ്രോപരിതലത്തിൽ എത്തിക്കാനും നാസ പദ്ധതി ഇടുന്നുണ്ട്.

യാത്ര 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനിട്ടും നീണ്ടു നിൽക്കുന്നതാണ്. ഓറിയോൺ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. ഭൂമിയിൽ നിന്ന് ഒരാഴ്ചയോളം സമയമെടുത്താണ് ഓറിയോൺ ചന്ദ്രനിലേക്ക് എത്തുന്നത്. ദൗത്യം പൂർത്തിയാക്കിയതിന് ശേഷം പസഫിക് സമുദ്രത്തിലേക്ക് പേടകം പതിക്കും. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവ് വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യ ദൗത്യത്തിന് 400 കോടി യുഎസ് ഡോളറോളം ചെലവ് വരും.

നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണ് ഇന്ന് വിക്ഷേപിക്കുന്നത്. മൂന്ന് ഡമ്മികളാകും യാത്രക്കാരുടെ സ്ഥാനത്ത് ഉണ്ടാവുക. കാംപോസ്, ഹെൽഗ, സോഹാർ എന്നാണ് ഇവയുടെ പേരുകൾ. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്നലുകളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ 2760 ഡിഗ്രി സെൽഷ്യസ് ചൂട് അതിജീവിക്കണം. മറ്റ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ഇതിൽ പിഴവ് സംഭവിച്ചാൽ അടുത്ത ദൗത്യങ്ങൾ വീണ്ടും നീട്ടി വയ്‌ക്കും.

Related Articles

Latest Articles