Sunday, May 5, 2024
spot_img

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; സര്‍വകലാശാല ബില്‍ സഭയില്‍ വരും; കെഎസ്ആര്‍ടിയിലെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം ഉന്നയിക്കും

കഴിഞ്ഞ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സര്‍വകലാശാല ബില്‍ ഇന്ന് സഭയില്‍ വരും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായ സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ഇന്ന് അവതരിപ്പിക്കുക. നിയമഭേദഗതികള്‍ സഭ പാസാക്കിയാലും ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും.

വ്യാഴാഴ്ച മുതലുള്ള അവധിക്ക് ശേഷമാണ് സഭ ഇന്ന് വീണ്ടും സമ്മേളിക്കുന്നത്. കേരള പബ്ലിക് എന്‍ര്‍പ്രൈസസ് ബോര്‍ഡ് ബില്‍, വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ബില്‍, ധനസംബന്ധമായ ഉത്തരവാദിത്ത ബില്‍, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ബില്‍ എന്നിവ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടുകളും ഇന്ന് സഭയില്‍ സമര്‍പ്പിക്കും.

ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് ആരോഗ്യമന്ത്രി വീണാ ജാര്‍ജ്ജ് മറുപടി നല്‍കും. ചോദ്യോത്തരവേളയില്‍ ദേവസ്വം, വനം, ജലവിഭവ, മൃഗസംരക്ഷണ വകുപ്പു മന്ത്രിമാര്‍ മറുപടി നല്‍കും. കെ.എസ്.ആര്‍.ടിയിലെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിക്കുമെന്നാണ് അറിവ്. അടിയന്തര പ്രമേയമായി വിഷയം സഭയില്‍ അവതരിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

Related Articles

Latest Articles