Saturday, April 27, 2024
spot_img

പുറത്ത് വിടാതെ കോടതി! ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ നാല് ദിവസം കൂടി കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി. നാല് ദിവസത്തേക്ക് അതായത് ഏപ്രിൽ 1 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ദില്ലി റോസ് അവന്യു കോടതിയുടെതാണ് നടപടി.ഏഴു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിനെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ഇഡി ആവശ്യപ്പെട്ടത്. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇഡി വ്യക്തമാക്കി.

സൗത്ത് ഗ്രൂപ്പിൽനിന്ന് 100 കോടി രൂപ എഎപി കോഴ വാങ്ങിയെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനായില്ലെന്നും കേജ്‍രിവാൾ പാസ്‍വേഡ് നൽകുന്നില്ലെന്നും ഇ‍ഡി വ്യക്തമാക്കി.
റോസ് അവന്യു കോടതിക്ക് പുറത്ത് കേജ്‍രിവാളിന് എതിരെ അഭിഭാഷകരുടെ പ്രതിഷേധവും നടന്നു. കേജ്‍‍രിവാളിന്റെ ചിത്രത്തിൽ ബിയർ ഒഴിച്ച് പ്രതിഷേധിച്ച അഭിഭാഷകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കേസിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ ഇന്നലെ ദില്ലി റോസ് അവന്യൂ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ദില്ലി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്. 9 തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ ഔദ്യോഗിക വസതിയിൽ വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് 12 അംഗ ഇഡി സംഘമെത്തിയത്. രാത്രി 9.11ന് അറസ്റ്റു രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡിയുടെ ഓഫിസിലേക്കു കൊണ്ടുപോകുകയായിരുന്നു .

Related Articles

Latest Articles