കോയമ്പത്തൂർ: ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് വീട്ടിലെ സഹായിയായിരുന്ന നേപ്പാൾ സ്വദേശിനി സുർജറോക്കിക്കായി (37) പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രി 12.15-ഓടെ മൂന്നംഗ സംഘത്തിന് സുർജറോക്കി വാതിൽ തുറന്നുനൽകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ സംഘം മടങ്ങുകയും ചെയ്തു.
മകൻ ഡോ. രാംകുമാർകുട്ടി വിദേശത്തായതിനാൽ കസ്തൂരിയും ഹോം നേഴ്‌സും മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ മകൾ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന മാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്; മറ്റ് വസ്‌തുക്കൾ നഷ്ടപ്പെട്ടോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതിയെ കണ്ടെത്താൻ ആറംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു

