Wednesday, December 24, 2025

നടൻ ആസിഫ് അലിക്ക് പരുക്ക്

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു.കാലിന് പരുക്കേറ്റ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരുക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത വിധം പരുക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരുക്ക് കൂടുതല്‍ ഗുരുതരമാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റിക് ത്രില്ലര്‍ ‘എ രഞ്‍ജിത്ത് സിനിമ’. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. ആസിഫ് അലി രഞ്‍ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമയുടെ വിതരണം റോയല്‍ സിനിമാസ് ആണ്. നവാഗതനായ മിഥുൻ അശോകന്‍ ചിത്രത്തിന് സംഗീതം പകരുന്നു.

റൊമാന്‍റിക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Related Articles

Latest Articles