Saturday, May 18, 2024
spot_img

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് ഖലിസ്ഥാൻ അനുകൂല സംഘടനയുടെ ഭീഷണി;സുരക്ഷ ശക്തമാക്കി

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സുരക്ഷ ശക്തമാക്കി. ഖലിസ്ഥാൻ അനുകൂല സംഘടനയുടെ ഭീഷണിയെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. ഭീഷണി മുഴക്കിയുള്ള ശബ്ദ സന്ദേശം അസമിലെ മാധ്യമപ്രവർത്തകർക്കാണ് ലഭിച്ചത്. തുടർന്ന് ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

സിഖ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാൻ സംഘടനയുടെ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിന്റെ പേരിലാണ് ഹിമന്ത ബിശ്വ ശർമയ്ക്ക് ഭീഷണി വന്നിരിക്കുന്നത്. ഇതേതുടർന്ന് എസ്.ടി.എഫ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതായും അസം പോലീസ് മേധാവി ജി.പി സിങ് പറഞ്ഞു.

സംഭവത്തിൽ കേന്ദ്ര ഏജൻസികളും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പോലീസിനെ കബളിപ്പിച്ച് പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ട വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിന്റെ അനുയായികളെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരിക്കുന്നത് അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് ഭീഷണി മുഴക്കിയത് കേന്ദ്ര ഏജൻസികൾ വളരെ ഗൗരവമായാണ് വീക്ഷിക്കുന്നത്. സി.ആർ.പി.എഫിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കുള്ളത്.

Related Articles

Latest Articles