ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്. കൂടാതെ ഉത്തർഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലും ഗോവയിലെ 40 മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. മാർച്ച് 10 ന് വോട്ടെണ്ണൽ നടക്കും.
81 ലക്ഷം വോട്ടര്‍മാരാണ് തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ 632 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാനൊരുങ്ങുന്നത്. 2000ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതേസമയം, ഒറ്റ ഘട്ടമായി ഗോവയില്‍ നാളെ വോട്ടെടുപ്പ് നടക്കും. 40 അംഗങ്ങളുള്ള ഗോവ നിയമസഭയില്‍ അതില്‍ ബിജെപിക്ക് നിലവില്‍ 17 നിയമസഭാംഗങ്ങളുണ്ട്. 301 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 11.6 ലക്ഷം വോട്ടര്‍മാരുണ്ട്. അതില്‍ 9,590 പേര്‍ ഭിന്നശേഷിക്കാരും 2,997 പേര്‍ 80 വയസ്സിനു മുകളിലുള്ളവരും 41 പേര്‍ ലൈംഗിക തൊഴിലാളികളും 9 ട്രാന്‍സ് ജെന്ററുകളുമാണ്.

