ദില്ലി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അറ്റ്ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ എം.എം. രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും പേരിലുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
2013-നും 2018-നും ഇടയില്‍ നടന്ന 242.40 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകേസിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. അന്ന് അറ്റ്ലസ് ജൂവലറി വായ്പ എടുത്തത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ജൂവലറിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടര്‍ന്നുള്ള നടപടിയില്‍, കണ്ടുകെട്ടിയ സ്വത്തുവകകളില്‍ സ്വര്‍ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിരനിക്ഷേപങ്ങള്‍, മറ്റു ജംഗമവസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നു.
മാത്രമല്ല കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തി ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. തൃശൂര്‍ റൗണ്ട് സൗത്ത് ബ്രാഞ്ച് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ബന്ധപ്പെട്ടാണു തട്ടിപ്പു നടന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കായി 242.40 കോടി രൂപ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതിരിക്കുകയായിരുന്നു.

