Friday, April 26, 2024
spot_img

ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ദുബായ്: യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍എന്‍എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും ഞങ്ങള്‍ താക്കീത് ചെയ്യുകയാണ്.ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ഗള്‍ഫ് മേഖലയിലൂടെ വിമാനസര്‍വ്വീസ് നടത്തുന്നില്‍ നിന്നും തങ്ങളുടെ രാജ്യത്തെ വിമാനക്കമ്പനികളെ അമേരിക്ക വിലക്കി. ബ്രിട്ടന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ തുടര്‍നിര്‍ദേശം കാത്ത് മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന വിവരം പെന്റഗണ്‍ സ്ഥിരീകരിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ തിരക്കിട്ട യോഗങ്ങളും ചര്‍ച്ചകളും നടന്നിരുന്നു .

Related Articles

Latest Articles