Sunday, September 27, 2026

സംസ്ഥാന ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ കേന്ദ്രമന്ത്രിയുടെ വീടിനു നേരെ ആക്രമണം; വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു; വൻ സുരക്ഷാവീഴ്ചയെന്ന് ബിജെപി

തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിനുനേരെ ആക്രമണം. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ കൊച്ചുള്ളൂരിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് ഈ വീട്ടിലാണെങ്കിലും കുറച്ചു നാളായി ഈ വീട്ടിൽ ആരും താമസിച്ചിരുന്നില്ല. രാവിലെ ജീവനക്കാർ ഗേറ്റ് തുറന്ന് നോക്കിയപ്പോഴാണ് ആക്രമണ വിവരമറിയുന്നത്. ജനൽ ചില്ലകൾ പൊട്ടിയ നിലയിൽ കണ്ടെത്തിട്ടിട്ടുണ്ട്. മാത്രമല്ല ജനലിനു സമീപവും കാർപോർച്ചിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നൽകുന്നു. കഴിഞ്ഞ ഞായറാഴ്ച്ച മന്ത്രി തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും ഈ വീട്ടിൽ എത്തിയിരുന്നില്ല.

കേന്ദ്രമന്ത്രിയുടെയും അദ്ദേഹത്തിന്റെ വീടിന്റെയും സുരക്ഷയിൽ വൻവീഴ്ച്ചയുണ്ടായതായി ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു. മന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുകയാണ്. അദ്ദേഹത്തിന്റെ വാഹനത്തിന് പോലീസ് എസ്കോർട്ട് പോലും നൽകാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ശിവഗിരി യാത്രക്കിടയിൽ പോലീസ് എസ്കോർട്ട് വാഹനം കേടായിരുന്നു. പകരം വാഹനം അനുവദിക്കാത്തതിനെ തുടർന്ന് അദ്ദേഹം എസ്കോർട്ട് ഇല്ലാതെയാണ് യാത്ര തുടർന്നതെന്നും ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.അക്രമി ഏറെ നേരം ഇവിടെ തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജനലുകൾ പലതവണ തകർക്കാൻ ശ്രമിച്ചു കേന്ദ്രമന്ത്രിയുടെ വീടിനുപോലും പോലീസ് നിരീക്ഷണം ഉറപ്പുവരുത്താത്തത് വൻവീഴ്‌ചയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles