Friday, May 17, 2024
spot_img

ഏറനാട് എക്സ്പ്രസിൽ കയറി നാടുവിടാൻ ശ്രമം; ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി, രാത്രിയോടെ കോഴിക്കോട്ട് എത്തിക്കും

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാല് കുട്ടികളെയും ഒടുവിൽ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കോഴിക്കോട് സ്വദേശികളായ കുട്ടികളെ കണ്ടെത്തിയത്. ഇവർക്കൊപ്പം കാണാതായ യുപി സ്വദേശിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഏറനാട് എക്സ്പ്രസ് കയറിയാണ് മലയാളികളായ മൂന്ന് കുട്ടികൾ നാടുവിടാൻ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണിൽ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഇവർ പോലീസിനെ വിവരമറിയിക്കുകയും റെയിൽവേ പോലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയുമായിരുന്നു. ഷൊർണൂരിലുള്ള കുട്ടികളെ രാത്രിയോടെ കോഴിക്കോട്ട് എത്തിക്കും.

15,16 വയസ് പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കാണാതായത്. ശുചിമുറിയുടെ ഗ്രിൽ തക‍ർത്താണ് കുട്ടികൾ പുറത്ത് കടന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് രണ്ട് ബ്ലോക്കുകളിലായി കഴിഞ്ഞിരുന്ന 4 കുട്ടികൾ ശുചിമുറികളുടെ വെന്റിലേറ്റർ ഗ്രിൽ തകർത്തത്. ജീവനക്കാർ ശബ്ദം കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം കൂട്ടിവച്ചു. സ്ഥലത്തുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ തലയണയും വിരിയുമുപയോഗിച്ച് കിടക്കയിൽ ആൾരൂപമുണ്ടാക്കി. തുടർന്ന് 11 മണിയോടെയാണ് കുട്ടികൾ പുറത്ത് കടന്നത്. കഴിഞ്ഞ വർഷം വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് കുട്ടികളെ കാണാതായിരുന്നു. അന്ന് ഇവിടത്തെ സുരക്ഷാപ്രശ്നങ്ങളും ജീവനക്കാരുടെ കുറവും വിവാദമായതോടെ ബാലമന്ദിരത്തിലേക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു. നാലു പേര്‍ കടന്നു കളഞ്ഞ സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles