പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന മുംബൈയിലെ പരിപാടി സ്ഥലത്ത് സുരക്ഷാ ആശങ്ക സൃഷ്ടിച്ചുകൊണ്ട് മുംബൈ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ പരിശോധനകളുടെ (സെക്യൂരിറ്റി ഡ്രില്‍) ഭാഗമായി തിങ്കളാഴ്ച രാത്രി വൈകിയാണ് രണ്ട് പേരും പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇതിലൊരാളില്‍ നിന്ന് തോക്ക് വീണ്ടെടുത്തിട്ടുണ്ട്. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ (BKC) നീത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ (NMACC) സംശയാസ്പദമായ രീതിയില്‍ നീങ്ങുകയായിരുന്ന വ്യക്തിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
കസ്റ്റഡിയിലായ 24 വയസ്സുകാരനായ രോഹന്‍ പരേഖ്, താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ (PMO) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇയാള്‍ ഉപയോഗിച്ചത് വ്യാജ PMO തിരിച്ചറിയല്‍ കാര്‍ഡാണെന്ന് തെളിഞ്ഞു. ഇയാളോടൊപ്പം കസ്റ്റഡിയിലായ ബോഡിഗാര്‍ഡിന്റെ കൈവശത്തില്‍ നിന്നാണ് തോക്ക് കണ്ടെടുത്തത്. പ്രധാനമന്ത്രിയുടെ വരവിന് തൊട്ടുമുമ്പ് നടന്ന ഈ സംഭവം പ്രദേശത്ത് വലിയ സുരക്ഷാ ജാഗ്രതയ്ക്ക് കാരണമായി.
ചൊവ്വാഴ്ച വൈകുന്നേരം എന്‍.എം.എ.സി.സിയില്‍ (NMACC) നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് (GFF 2026) ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും തോക്കുമായി വേദിയിലെത്താന്‍ ശ്രമിച്ചതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ മുംബൈ പോലീസ് ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നും, ആരോപണങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

