ഇസ്ലാമാബാദ്: ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ശുചീകരണതൊഴിലാളിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. പാക്കിസ്ഥാനിലെ ഹൈദരാബാദിലെ സദ്ദാർ മേഖലയിലാണ് സംഭവം. അശോക് കുമാർ എന്നയാൾ പ്രദേശത്തെ കടയുടമയായ ബിലാൽ അബ്ബാസിയുമായി വഴക്കിട്ടിരുന്നു. പിന്നാലെ അബ്ബാസി അശോക് കുമാർ ഇസ്ലാം മതവിശ്വാസത്തെ നിന്ദിച്ചുവെന്നാരോപിച്ച് പരാതി നൽകി. തുടർന്ന് സമീപത്തെ മുസ്ലിം വിശ്വാസികളേയും കൂടെക്കൂട്ടി അശോക് താമസിച്ചിരുന്ന കെട്ടിടം വളഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം അശോകിന്റെ തലയറുക്കണമെന്നാക്രോശിച്ച് കെട്ടിടം വളയുകയും വീട് തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഏറെ നേരം കഴിഞ്ഞാണ് പോലീസ് എത്തി മതമൗലികവാദികളെ പിരിച്ചുവിട്ടത്. അന്വേഷണത്തിൽ ഖുറാൻ കത്തിച്ചത് ഒരു മുസ്ലീം സ്ത്രീയാണെന്നും അശോകിന്റെ മേൽ കുറ്റം കെട്ടിച്ചമച്ചതാണെന്നും വ്യക്തമായി. കെട്ടിടത്തിൽ താമസിച്ചിരുന്ന 18 പേരാണ് മരണത്തെ മുഖാമുഖം കണ്ടത്. യുവാവിനെ ആക്രമിക്കാനെത്തിയ ആൾക്കൂട്ടത്തിനെതിരെ കേസെടുക്കാതെ അശോകിനെതിരെ കേസെടുത്ത പോലീസ് നാട്ടുകാരോട് ക്ഷമാപണവും നടത്തി.
പാക്കിസ്ഥാനിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഭീഷണിപ്പെടുത്താനും വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പലരും ഖുറാനെയോ മതത്തെയോ അപമാനിച്ചെന്ന് പറഞ്ഞ് വ്യാജ പരാതികൾ നൽകുന്നത് പതിവായിരിക്കുകയാണ്.

