Friday, May 3, 2024
spot_img

ട്വന്റി20യിലും തകർത്തടിച്ച് ഓസ്ട്രേലിയ! വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് 209 റൺസ് വിജയ ലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്തി ഓസ്ട്രേലിയ. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ് കങ്കാരുക്കളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 208 റൺസ് അടിച്ചെടുത്തത്. സെഞ്ചുറി നേടിയ ജോഷ് ഇൻഗ്ലിസിന്റെ പ്രകടനമാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. സ്റ്റീവ് സ്മിത്ത് അർധസെഞ്ചറി നേടി.

47 പന്തിൽ സെഞ്ചറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ ശതകമെന്ന റെക്കോർഡും സ്വന്തമാക്കി. 50 പന്തിൽ 110 റൺസെടുത്താണ് താരം പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിൽ തന്നെ ഇൻഗ്ലിസിന്റെ ആദ്യ ശതകമാണ് വിശാഖപട്ടണത്ത് പിറന്നത്.

രണ്ടാം വിക്കറ്റിൽ ജോഷ് ഇൻഗ്ലിസ് – സ്റ്റീവ് സ്മിത്ത് സഖ്യം വെറും 67 പന്തിൽ ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡിൽ ചേർത്തത് 130 റൺസാണ് വമ്പൻ സ്കോറിലെത്താൻ ടീമിനെ സഹായിച്ചത്. 50 പന്തുകൾ നേരിട്ട ഇൻഗ്ലിസ് 11 ഫോറും 8 സിക്സും സഹിതമാണ് 110 റൺസെടുത്തത്. സ്മിത്ത് 41 പന്തിൽ എട്ടു ഫോറുകളോടെ 52 റൺസെടുത്ത് റണ്ണൗട്ടായി. ഓപ്പണർ മാത്യു ഷോർട്ട് 11 പന്തിൽ മൂന്നു ഫോറുകൾ സഹിതം 13 റൺസെടുത്തു. ടിം ഡേവിഡ് 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസോടെയും മാർക്കസ് സ്റ്റോയ്നിസ് ആറു പന്തിൽ ഏഴു റൺസോെടയും പുറത്താകാതെ നിന്നു.

ഇന്ത്യൻ ബൗളർമാരിൽ നാല് ഓവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്ത മുകേഷ് കുമാറിന്റെ പ്രകടനം ശ്രദ്ധേയമായി. രവി ബിഷ്ണോയ് നാല് ഓവറിൽ 54 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 50 റൺസും വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേൽ നാല് ഓവറിൽ 32 റൺസ് മാത്രമേ വിട്ടുകൊടുത്തുവെങ്കിലുംവിക്കറ്റൊന്നും ലഭിച്ചില്ല. അതെ സമയം പേസർ അർഷ്ദീപ് സിങ് നാല് ഓവറിൽ 41 റൺസാണ് വിട്ടു കൊടുത്തത്.

Related Articles

Latest Articles