Tuesday, October 13, 2026

ഗാസയിലെ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ നാളെ മുതൽ പ്രാബല്യത്തില്‍ ; നാളെ മോചിതരാകുന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികൾ

ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമുള്ള ഗാസയിലെ നാല് ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ  നാളെ മുതൽപ്രാബല്യത്തില്‍ വരും. ഖത്തറാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രാദേശിക സമയം നാളെ രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.

വൈകുന്നേരം 4 മണിയോടെ (ഇന്ത്യൻ പ്രാദേശിക സമയം വൈകുന്നേരം 7.30) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തർ അറിയിച്ചു. റെഡ് ക്രോസിനു കൈമാറുന്ന ഇവർ പിന്നാലെ ഇസ്രയേലിലെത്തും. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി.

ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരുതിക്ക് ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചതിന് ശേഷമുള്ള നിര്‍ണ്ണായകമായ നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു.

ഹമാസ് ബന്ദികളാക്കിയവരില്‍ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് സമ്മതിച്ചു. പകരമായി ഇസ്രയേല്‍ ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക എന്നാണ് വിവരം. റാഫ അതിർത്തി വഴി ഇന്ധനം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങൾ വെടിനിര്‍ത്തല്‍ കാലയളവില്‍ ഗാസയിലേക്ക് എത്തിക്കും.

വെടിനിർത്തൽ കരാർ ഇസ്രയേൽ മന്ത്രിസഭ വോട്ടിനിട്ടാണ് അംഗീകാരം നല്‍കിയത്. മൂന്നിനെതിരെ 35 വോട്ടുകള്‍ക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്. ഇസ്രയേല്‍ പ്രതിരോധ സേന മൊസാദ്, ഷിന്‍ ബെത് എന്നിവര്‍ വെടിനിര്‍ത്തലിനെ അനുകൂലിച്ചു. തീവ്രവലത് പാര്‍ട്ടിയായ ഒട്‌സമ യഹൂദിത് പാര്‍ട്ടി മാത്രമാണ് വെടിനിര്‍ത്തല്‍ കരാറിനെതിരെ വോട്ട് ചെയ്തത്.

Related Articles

Latest Articles