Friday, May 17, 2024
spot_img

“അയ്യന്തോൾ സഹകരണ ബാങ്ക് കേന്ദ്രീകരിച്ചും തട്ടിപ്പ് നടന്നു! ബാധ്യത നൂറുകോടിയിലധികം!” ഗുരുതരാരോപണവുമായി അനിൽ അക്കര

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും അതുമായി ബന്ധപ്പെട്ട ഇഡി അന്വേഷണവും ചൂടുപിടിച്ചു നിൽക്കുന്നതിനിടെ അയ്യന്തോൾ സഹകരണ ബാങ്ക് കേന്ദ്രീകരിച്ചും തട്ടിപ്പ് നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്ത് വന്നു. നിരവധി ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും വിചാരിക്കുന്നതിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ആരോപിക്കുന്നു. കണക്കുകൾ ശരിയാണെങ്കിൽ നൂറുകോടിയിലധികം ബാധ്യത അയ്യന്തോൾ ബാങ്കിന് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അയ്യന്തോൾ കരുവന്നൂരല്ല കരുവന്നൂരിന്റെ അപ്പനാണ് എന്ന വാക്യത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

അനിൽ അക്കര പങ്കുവച്ച കുറിപ്പ് വായിക്കാം

അയ്യന്തോൾ ബാങ്ക് കേന്ദ്രീകരിച്ചു നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത് നിരവധി ആളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. അതിൽ ഒരു കുടുംബമാണ് ചിറ്റിലപിള്ളി വില്ലേജിലെ ഒരു റിട്ടയർ അധ്യാപികക്ക് സംഭവിച്ചത്.

അമലനഗർ ജില്ലാ ബാങ്കിലുണ്ടായിരുന്ന അവരുടെ ലോൺ ഈ തട്ടിപ്പ് സംഘം അടയ്ക്കുകയും തുടർന്ന് കുടുംബത്തിലെ മൂന്ന് ആളുകളുടെ പേരിൽ അയ്യന്തോൾ ബാങ്കിൽനിന്ന് ₹25ലക്ഷം വീതം ₹75ലക്ഷം ലോൺ എടുക്കുകയും അതിൽനിന്ന് 15 ലക്ഷം ഈ കുടുംബത്തിനും 10 ലക്ഷം ജില്ലാ ബാങ്കിൽ അടച്ച തുകയിലേക്കും കഴിച്ച് ബാക്കി സംഖ്യ ₹50ലക്ഷം പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.

ഇപ്പോൾ ഇവർക്ക് ₹150ലക്ഷം രൂപ അടച്ചില്ലെങ്കിൽ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാൽ ഇവർക്ക് ലോൺ അനുവദിച്ചിട്ടുള്ളത് ഒളരി വിലാസത്തിലാണ്, ഇവർക്ക് അങ്ങനെ ഒരു വിലാസവും ഇല്ല, ബാങ്ക് ഭരണസമിതിയും ഈ സഹകരണകൊള്ള മാഫിയയും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്.

അയ്യന്തോൾ പിനാക്കൾ ഫ്ലാറ്റിന്റെ വിലാസത്തിൽ നൂറുകണക്കിന് ലോണാണ് അനുവദിച്ചിട്ടുള്ളത്, എന്നാൽ ഈട് നൽകിയിട്ടുള്ള ആധാരം ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളതാണ്. ഈ വെട്ടിപ്പിൽ ഈ കണക്ക് ശരിയാണെങ്കിൽ നൂറ് കോടിയിൽ അധികം ബാധ്യത അയ്യന്തോൾ ബാങ്കിന് ഉണ്ടാകും. അയ്യന്തോൾ കരുവന്നൂരല്ല കരുവന്നൂരിന്റെ അപ്പനാണ്.

Related Articles

Latest Articles