Thursday, May 16, 2024
spot_img

1950 ലെ അഗ്നിബാധയുടെയും അതിനു ശേഷം നടന്ന പുനരുദ്ധാരണത്തിന്റെയും ഭക്തിസാന്ദ്രമായ ഓർമ്മകളിൽ അയ്യപ്പ ഭക്തർ; ഇന്ന് ശബരിമല പ്രതിഷ്ഠാദിനം; സന്നിധാനത്ത് പ്രതിഷ്ഠാദിന പൂജകളിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ടാണ് ക്ഷേത്ര നട തുറന്നത്. ഇന്ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ ലക്ഷാർച്ചന ഉണ്ടായിരിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ഇനി ജൂൺ 15 ന് വൈകുന്നേരം മിഥുന മാസ പൂജകൾക്കായി നട തുറക്കും.

1950 ലെ അഗ്നിബാധയ്ക്കു ശേഷം പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണ് ഇന്ന് ഭക്ത കോടികൾ തൊഴുതു വണങ്ങുന്ന അയ്യപ്പവിഗ്രഹം. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ഊട്ടുപുരയിൽ വച്ച്‌ കഠിനവ്രതാനുഷ്ഠാനത്തോടെയാണ് അയ്യപ്പ വിഗ്രഹം നിർമ്മിച്ചത്. ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി പദ്മാസനത്തിലാണ് വിഗ്രഹ പ്രതിഷ്ഠ. സ്വർണ്ണത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് ഇവിടെയുള്ളത്.

ഇന്നലെ വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ക്ഷേത്ര മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്. തുടർന്ന് മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരുകയായിരുന്നു. ആയിരക്കണക്കിന്‌ അയ്യപ്പഭക്തരാണ് അയ്യപ്പന്‍റെ പ്രതിഷ്ഠ ദിനത്തിൽ നട തുറന്നപ്പോൾ ശബരീശ ദർശനത്തിനായെത്തിയത്.

പ്രതിഷ്ഠാദിനത്തിൽ മാത്രം വെർച്ച്വൽ ക്യൂ ബുക്കിങ് നടത്തിയിരിക്കുന്നവർ 4000 ആണ്. അതേസമയം, അയ്യപ്പന്മാർക്ക് ദർശനത്തിനായി ശബരിമല പമ്പയിലേക്ക് എത്താൻ കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ മാർഗം എത്തുന്നവർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്നുണ്ട്.

Related Articles

Latest Articles