Friday, April 26, 2024
spot_img

ശബരിമലയില്‍ നിറപുത്തിരി പൂജ ദര്‍ശിച്ച്‌ അയ്യപ്പഭക്തര്‍; ഭഗവാനുമുന്നില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ സ്വീകരിച്ച്‌ മലയിറങ്ങി ഭക്തർ

ശബരിമല: ശബരിമലയില്‍ നിറപുത്തിരി പൂജ ദര്‍ശിച്ച്‌ അയ്യപ്പഭക്തര്‍. വ്യാഴാഴ്ച പുലര്‍ച്ചെ 5.30-നാണ് നിറപുത്തിരി ചടങ്ങുകള്‍ ആരംഭിച്ചത്. ഭഗവാനുമുന്നില്‍ പൂജിച്ച്‌ പുണ്യംനിറച്ച നെല്‍ക്കതിരുകള്‍ സ്വീകരിച്ച്‌ ഭക്തര്‍ മലയിറങ്ങി. ഇനിയുള്ള നാളുകളില്‍ നാടിനും വീടിനും സമൃദ്ധിനിറയ്ക്കുന്നത് ഈ കതിരുകളെന്നാണ് വിശ്വാസം.

കൊല്ലങ്കോട്, ചെട്ടികുളങ്ങര എന്നിവിടങ്ങളില്‍ നിന്നുമാണ് പൂജയ്ക്കുള്ള നെല്‍ക്കറ്റകള്‍ എത്തിച്ചത്. ഒപ്പം ഭക്തര്‍ കൊണ്ടുവന്നിട്ടിള്ളവയുമുണ്ടായിരുന്നു. പതിനെട്ടാംപടിക്ക് മുന്നിലായിവെച്ചിരുന്ന കറ്റക്കെട്ടുകള്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശിരസ്സിലേറ്റി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആചാരവൂര്‍വം ക്ഷേത്രത്തെ ഒരുതവണ പ്രദക്ഷിണംവെച്ച്‌ മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. മണ്ഡപത്തില്‍ മഹാവിഷ്ണുവിനും മഹാലക്ഷ്മിക്കുമായി പൂജകള്‍ നടത്തി. തുടര്‍ന്ന് നിറപുത്തിരി പൂജകള്‍ക്കായി കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. 5.40-നും ആറിനും ഇടയില്‍ ഭഗവാനുമുന്നില്‍ നിറപുത്തിരിപൂജ നടന്നു.

പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്ബൂതിരിയും കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. മാളികപ്പുറത്തും സമാനചടങ്ങുകള്‍ മേല്‍ശാന്തി ശംഭു നമ്ബൂതിരി നമ്ബൂതിരിയുടെ കാര്‍മികത്വത്തില്‍നടന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് എന്നിവര്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി ഹരിവരാസനം പാടി നടയടച്ചു. ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16-നാണ് ഇനി നട തുറക്കുക.

നിറപുത്തിരി പൂജയ്ക്കുശേഷം നട അടച്ചതോടെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ ഒരുവര്‍ഷത്തെ പൂജാകാലയളവ് പൂര്‍ത്തിയായി. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലാണ് ചിങ്ങം ഒന്നിന് നടതുറക്കുന്നത്. അടുത്ത ഒരുവര്‍ഷം അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ പൂജകള്‍ നടക്കും.

Related Articles

Latest Articles