സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ റെക്കോർഡ് നാളെ സമർപ്പിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ ചേർന്ന് വിദ്യാഭ്യാസ വകുപ്പിന് സർട്ടിഫിക്കറ്റ് കൈമാറും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ്, ഗാന്ധി ദർശൻ, ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവ സംയുക്തമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലുമായി നടത്തിയ രണ്ട് പ്രവർത്തനങ്ങളാണ് ‘ബെസ്റ്റ് ഓഫ് ഇന്ത്യ’യുടെ ദേശീയ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്.
‘സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്’ എന്ന പേരിൽ ജില്ലയിലെ 1028 വിദ്യാലയങ്ങളിലും ആഗസ്റ്റ് 10ന് ഒരേ സമയം നടന്ന സിഗ്നേച്ചർ കാമ്പയിനും ആഗസ്റ്റ് 11ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒരേസമയം ‘ഗാന്ധി മരം’ എന്ന പേരിൽ ഫലവൃക്ഷതൈകൾ നട്ട പ്രവർത്തനവുമാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ദേശീയ റെക്കോർഡിനായി തെരഞ്ഞെടുത്തത്.
റെക്കോർഡ് സാക്ഷ്യപത്രവും ബാഡ്ജും പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ ഏറ്റുവാങ്ങുമെന്ന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് എഡിറ്റർ ഇൻ ചാർജ് കെ വി ജോസ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, അധ്യാപക സംഘടനാ നേതാക്കൾ, ക്ലബ് സെക്രട്ടറിമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

